മകളുടെ ചികിത്സയ്ക്ക് സഹായംതേടി; മന്ത്രി വീണ ഉടനടി പരിഹാരം കണ്ടു
തിരുവനന്തപുരം : മകളുടെ ഹൃദ്രോഗചികിത്സയ്ക്കായി ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്നിട്ടും നടപടിയില്ലെന്ന പിതാവിന്റെ പരാതി മിനിട്ടുകൾക്കുള്ളിൽ പരിഹരിച്ച് മന്ത്രി വീണാ ജോർജ്. ആലപ്പുഴയിൽ പിതാവിന്റെയും രണ്ടാനമ്മയുടെയും മർദ്ദനത്തിനിരയായ കുട്ടിയെ സന്ദർശിച്ചശേഷം മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് കമന്റായി പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ പ്രകാശ് പരാതി അറിയിക്കുകയായിരുന്നു.
'മാഡം ഇതുപോലെ ഒരു മോൾ എനിക്കും ഉണ്ട് .ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി 2020ൽ ആദ്യത്തെ സർജറി ലിസി ഹോസ്പിറ്റലിൽ ചെയ്തു. ലിസി ഹൃദ്യത്തിൽ നിന്നു ഒഴിവായപ്പോൾ അമൃതയിലാണ് കാണിക്കുന്നത്. ഡോക്ടമാർ പറയുന്നത് ഉടനെ കാത്ത് ചെയ്യണമെന്നാണ്. പാലക്കാട് ഹൃദ്യത്തിൽ രജിസ്റ്റർ ചെയ്തിട്ട് ഒരു മാസമായി. മാഡത്തിന് ഇടപ്പെടാൻ സാധിക്കുമോ.' ഇതായിരുന്നു ആവശ്യം.
'സ്റ്റേറ്റ് നോഡൽ ഓഫീസർ അങ്ങയെ കോൺടാക്ട് ചെയ്യും. അങ്ങേയ്ക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം അറിയിക്കുന്നു. ലിസി ഹോസ‌്പിറ്റൽ ഹൃദ്യം എംപാനൽഡാണ്. പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്' ഇതായിരുന്നു മന്ത്രിയുടെ മറുപടി.
മിനിട്ടുകൾക്കുള്ളിൽ പ്രകാശിന്റെ മറുപടി വന്നു. 'മാഡം വളരെയധികം നന്ദി. പാലക്കാട് നോഡൽ ഓഫീസർ വിളിച്ചിട്ടുണ്ടായിരുന്നു. ചൊവ്വാഴ്ചത്തേക്ക് അപ്പോയ്ന്റ്‌മെന്റ് തന്നു. നന്ദി മാഡം. മറക്കില്ല മാഡത്തിനെയും ഈ ഗവൺമെന്റിനെയും.'