ഇസ്രയേൽ ആക്രമണം --- ഗാസയിൽ 6 മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു കൊല്ലപ്പെട്ട അഞ്ച് പേർ അൽ ജസീറ ജീവനക്കാർ
ടെൽ അവീവ്: ഗാസയിൽ മാദ്ധ്യമ പ്രവർത്തകർ തങ്ങിയ ടെന്റിന് നേരെ ഇസ്രയേൽ വ്യോമാക്രമണം. ഗാസാ റിപ്പോർട്ടിംഗിലൂടെ ശ്രദ്ധനേടിയ അനസ് അൽ ഷെരീഫ് (28) അടക്കം അൽ ജസീറയിലെ 5 മാദ്ധ്യമ പ്രവർത്തകരും ഒരു പ്രദേശിക ലേഖകനും കൊല്ലപ്പെട്ടു. ഞായറാഴ്ച കിഴക്കൻ ഗാസ സിറ്റിയിലെ അൽ ഷിഫാ ആശുപത്രിയ്ക്ക് സമീപമായിരുന്നു സംഭവം.
അതേസമയം, 2 പേരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. അനസിനെ തന്നെയാണ് ലക്ഷ്യം വച്ചതെന്നും ഇയാൾ ഹമാസിന്റെ ഒരു ഭീകര സെല്ലിനെ നയിക്കുകയായിരുന്നെന്നും ഇസ്രയേൽ സൈന്യം പ്രതികരിച്ചു. മാദ്ധ്യമപ്രവർത്തകൻ എന്ന വിലാസം ഭീകരതയ്ക്കുള്ള മറയല്ലെന്നും രാജ്യത്തിനെതിരെ നടന്ന ഹമാസ് റോക്കറ്റാക്രമണങ്ങളിൽ അനസിന് പങ്കുണ്ടെന്നും ഇസ്രയേൽ ആരോപിച്ചു. ആരോപണത്തിന് തെളിവുണ്ടെന്ന് ഇസ്രയേൽ പറഞ്ഞെങ്കിലും പുറത്തുവിട്ടിട്ടില്ല.
അനസിനെതിരെ നേരത്തെ തന്നെ ഇസ്രയേലിന്റെ ഭീഷണി നിലനിന്നിരുന്നു. അതേസമയം,ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഇസ്രയേലിന്റെ വാദങ്ങൾ തള്ളുകയും ചെയ്തു. മരണത്തിന് മുമ്പ് അനസും ഹമാസ് ബന്ധം നിഷേധിച്ചിരുന്നു.
മരണത്തിന് തൊട്ടുമുന്നേ സന്ദേശം
'നിശബ്ദത പാലിക്കുന്നവരെ ദൈവം കാണുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, വളച്ചൊടിക്കുകയോ തെറ്റായി ചിത്രീകരിക്കുകയോ ചെയ്യാതെ സത്യം അതേപടി അറിയിക്കാൻ ഞാൻ ഒരിക്കലും മടിച്ചില്ല...." താൻ മരണമടഞ്ഞാൽ ലോകത്തെ അറിയിക്കണമെന്ന് കാട്ടി അനസ് സൂക്ഷിച്ചിരുന്ന സന്ദേശമാണിതെന്ന് അൽ ജസീറ പറഞ്ഞു.
പ്രതിഷേധം ശക്തം
ഇസ്രയേൽ ആക്രമണത്തിനെതിരെ മാദ്ധ്യമ പ്രവർത്തകരും അവകാശ സംഘടനകളും രംഗത്ത്
ഇസ്രയേൽ മാദ്ധ്യമ പ്രവർത്തകരെ ബോധപൂർവ്വം ലക്ഷ്യമിടുന്നെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി
ഇസ്രയേലിന്റേത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമെന്ന് യു.എൻ മനുഷ്യാവകാശ ഓഫീസ്
കടുത്ത ആശങ്കയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ
238
യുദ്ധം തുടങ്ങിയതിനുശേഷം ഗാസയിൽ
കൊല്ലപ്പെട്ട മാദ്ധ്യമ പ്രവർത്തകർ (ഹമാസിന്റെ കണക്ക്)
പാലസ്തീനെ അംഗീകരിക്കും:
ഓസ്ട്രേലിയ
സെപ്‌തംബറിൽ യു.എൻ ജനറൽ അസംബ്ലി യോഗത്തിൽ പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. ഇസ്രയേൽ ആക്രമണം ശക്തമാക്കുന്ന പശ്ചാത്തലത്തിൽ ഫ്രാൻസ്, യു.കെ, കാനഡ എന്നീ രാജ്യങ്ങളും യു.എൻ യോഗത്തിൽ പാലസ്തീനെ അംഗീകരിക്കും. ന്യൂസിലൻഡും ഇക്കാര്യം പരിഗണിക്കുന്നുണ്ട്.
----------------
# ഗാസ അധിനിവേശത്തിനെതിരായ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള തീവ്രശ്രമമാണ് ഈ ആക്രമണം.
- അൽ ജസീറ
# മാദ്ധ്യമ പ്രവർത്തകരെ ബോധപൂർവ്വം ലക്ഷ്യം വച്ചിട്ടില്ല. വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരിൽ പലരും മാദ്ധ്യമങ്ങളുടെ മറവിൽ പ്രവർത്തിക്കുന്ന ഭീകര ഗ്രൂപ്പ് അംഗങ്ങളാണ്.
- ഇസ്രയേൽ
----------------