മോദിയെ വിളിച്ച് സെലൻസ്കി --- റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പരിമിതപ്പെടുത്തണം
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പരിമിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. റഷ്യ-യുക്രെയിൻ സംഘർഷം തുടരുന്നതിനിടെ,സെലൻസ്കി ഇന്നലെ മോദിയെ വിളിച്ചു ആശങ്കകൾ പങ്കുവച്ചു. യുദ്ധം തുടരാൻ റഷ്യയ്‌ക്ക് കഴിയുന്നത് എണ്ണ വ്യാപാരത്തിലൂടെ ലഭിക്കുന്ന ധനത്തിലൂടെയാണ്. അതിനാൽ റഷ്യയുടെ എണ്ണ കയറ്റുമതിക്ക് നിയന്ത്രണമുണ്ടാകണം. റഷ്യയ്‌ക്ക് മേൽ സ്വാധീനമുള്ള നേതാക്കൾ അവർക്ക് കൃത്യമായ സന്ദേശം നൽകേണ്ടതും പരമപ്രധാനമാണെന്ന് മോദിയോട് സെലൻസ്കി പറഞ്ഞു. കഴിഞ്ഞദിവസം യുക്രെയിനിൽ റഷ്യ നടത്തിയ ബോംബിംഗിൽ കനത്ത നാശനഷ്‌ടമുണ്ടായി. വെടിനിറുത്തലിന് റഷ്യ പുറമേയ്‌ക്ക് സന്നദ്ധത കാണിക്കും. എന്നാൽ പിടിച്ചെടുക്കലും കൊലപാതകങ്ങളും തുടരാനുള്ള ആഗ്രഹമാണ് റഷ്യ കാണിക്കുന്നതെന്ന് സെലൻസ്കി വ്യക്തമാക്കി. സെപ്‌തംബറിൽ യു.എൻ. ജനറൽ അസംബ്ലിയിൽ നേരിട്ടു കൂടിക്കാഴ്ച നടത്താൻ മോദിയും സെലൻസ്കിയും സന്നദ്ധത അറിയിച്ചു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ 50 ശതമാനം തീരുവ ട്രംപ് ഭരണകൂടം ഇന്ത്യയ്‌ക്ക് മേൽ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണമെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 40%ൽപ്പരം റഷ്യയിൽ നിന്നാണ്.
സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മോദി
സംഘർഷം അവസാനിപ്പിക്കാനും,സമാധാനം പുനഃസ്ഥാപിക്കാനും സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മോദി ഉറപ്പുനൽകി. എത്രയും വേഗം പ്രശ്‌നപരിഹാരമുണ്ടാകണമെന്നതാണ് ഇന്ത്യയുടെ നിലപാട്. യുക്രെയിനുമായി നയതന്ത്ര പങ്കാളിത്തം കൂടുതൽ ശക്തമാക്കും. യുക്രെയിനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവരുടെ കൂടി സാന്നിദ്ധ്യത്തോടെയാകണം ചർച്ചകളെന്നും,അല്ലാത്ത വേദികൾ ഫലം ചെയ്യില്ലെന്ന യുക്രെയിൻ നിലപാടിനും പിന്തുണ അറിയിച്ചു.