ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണം റമീസിൽ നിന്ന് നേരിട്ട അവഗണന, ലക്ഷ്യം മതപരിവർത്തനമെന്ന് കുടുംബം

Tuesday 12 August 2025 7:25 AM IST

കൊച്ചി: കോതമംഗലത്ത് 23കാരിയായ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ പ്രതിയായ റമീസിന്റെ മാതാപിതാക്കളെ ഇന്ന് ചോദ്യം ചെയ്യും. ഇവരെയും കേസിൽ പ്രതി ചേർത്തേക്കും. പെൺകുട്ടിയുടെ കാമുകൻ പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിനെ (24) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. റമീസിനെ ഇന്നലെ രാത്രി റിമാൻഡ് ചെയ്തിരുന്നു. റമീസിൽ നിന്ന് നേരിട്ട അവഗണനയാണ് പെൺകുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പൊലീസ് പറയുന്നു. മതം മാറാത്തതിന്റെ പേരിൽ കുട്ടി അവഗണന നേരിട്ടു. പോയി മരിച്ചോളാൻ റമീസ് പറഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി. റമീസിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.

വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ റമീസിനെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റമീസിന്റെ വീട്ടിൽ തന്നെ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ചുവെന്നുമാണ് കുറിപ്പിലുള്ളത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് ടിടിസി വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സോനയെ റമീസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് സഹോദരൻ പറഞ്ഞു. റമീസിന്റെയും കുടുംബത്തിന്റെയും ലക്ഷ്യം മതപരിവർത്തനമായിരുന്നുവെന്നും സഹോദരൻ ആരോപിച്ചു. ആത്മഹത്യാപ്രേരണാക്കുറ്റം, ദേഹോപദ്രവമേൽപ്പിക്കൽ, വിവാഹവാഗ്ദാനം നൽകി പീഡനം തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരെ ചുമത്തിയിരിക്കുന്നത്.

'ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാൻ സാധിക്കില്ല. ഇമ്മോറൽ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു. എന്നാൽ അവൻ വീണ്ടും വീണ്ടും എന്നോട് സ്‌നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാൻ നിർബന്ധിച്ചു. രജിസ്റ്റർ മാര്യേജ് നടത്താമെന്ന വ്യാജേന വീട്ടിലെത്തിച്ച് കുടുംബക്കാരെക്കൊണ്ട് മതം മാറിയാൽ കല്യാണം നടത്താമെന്ന് പറയിപ്പിച്ചു. റമീസിന്റെ തെറ്റുകൾ ഉപ്പയും ഉമ്മയും അറിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. മതം മാറാൻ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടർന്നു. മതം മാറിയാൽ മാത്രം പോര തന്റെ വീട്ടിൽ നിൽക്കണമെന്നും കർശനമായി പറഞ്ഞു'- എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്.