നേരിട്ട് മുട്ടാൻ ഭയം; ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ നയതന്ത്രജ്ഞർക്കുള്ള പത്രവും വെള്ളവും വിലക്കി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനുണ്ടായത് വൻ നാശനഷ്‌ടങ്ങളാണ്. ഇത് രാജ്യത്തിന്റെ സൈനിക മേധാവികൾ തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്‌തിട്ടുണ്ട്. ഒമ്പത് ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിൽ നൂറിലധികം ഭീകരരാണ് കൊല്ലപ്പെട്ടത്. ഇപ്പോഴിതാ ഇന്ത്യയോട് നേരിട്ട് പോരാടാൻ ധൈര്യമില്ലാത്ത പാകിസ്ഥാൻ, ഇന്ത്യൻ നയതന്ത്രജ്ഞരെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്കും ഇന്ത്യൻ നയതന്ത്രജ്ഞരുടെ വസതിയിലേക്കുമുള്ള പത്ര വിതരണം പൂർണമായും നിർത്തിവച്ചു. ഇതിനിടെ ഡൽഹിയിലെ പാകിസ്ഥാൻ നയതന്ത്രജ്ഞർക്കുള്ള പത്ര വിതരണം ഇന്ത്യയും നിർത്തിവച്ചു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ മേൽ പാകിസ്ഥാൻ അധികാരികൾ ആക്രമണാത്മക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ നയതന്ത്ര വസതികളിലും ഓഫീസുകളിലും പാക് ഉദ്യോഗസ്ഥർ അനധികൃതമായി കടന്നുകയറുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് നയതന്ത്ര ബന്ധങ്ങൾക്കായുള്ള വിയന്ന കൺവെൻഷന്റെ വ്യക്തമായ ലംഘനമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നിരീക്ഷണത്തിന് പുറമേ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലും ഇന്ത്യൻ നയതന്ത്രജ്ഞർ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. പാചക വാതകം, വെള്ളം തുടങ്ങിയ അവശ്യ സാധനങ്ങൾക്കായി ഇന്ത്യൻ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നത് നിർത്താൻ പാകിസ്ഥാൻ അധികൃതർ അടുത്തിടെ പ്രാദേശിക കച്ചവടക്കാർക്ക് നിർദേശം നൽകിയിരുന്നു.
'2019ലെ പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയപ്പോഴും ഇതുപോലെ സംഭവിച്ചിരുന്നു. ആ സമയത്തും ഇന്ത്യൻ നയതന്ത്രജ്ഞരെ സമാനമായ രീതിയിൽ ഉപദ്രവിച്ചിരുന്നു. ഞങ്ങളെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ് പാകിസ്ഥാൻ നടത്തുന്നത്' - ഇസ്ലാമാബാദിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.