'മഞ്ജുവിന് ആവശ്യത്തിനുള്ള സ്വാതന്ത്ര്യം ഞാൻ കൊടുത്തിട്ടുണ്ട്, കാവ്യയുടെ കാര്യം അറിഞ്ഞപ്പോൾ അവൾക്കന്ന് സങ്കടം തോന്നി'
വേർപിരിയുന്നതിന് മുമ്പ് വരെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു മഞ്ജു വാര്യരും ദിലീപും. 1998ൽ വിവാഹിതരായ ഇരുവരും 2014ലാണ് നിയമപരമായി വേർപിരിഞ്ഞത്. എന്നാൽ, വേർപിരിയുന്നതിന് വളരെ മുമ്പ് തന്നെ ദിലീപും മഞ്ജുവും തമ്മിൽ അകന്നുവെന്ന വാർത്തകൾ വന്നിരുന്നു. നടി കാവ്യാ മാധവനുമായുള്ള ദിലീപിന്റെ അടുപ്പമാണ് അതിന് കാരണമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. എന്നാൽ, മഞ്ജുവുമായി വേർപിരിയുന്നത് വരെയും ദിലീപ് ഈ ആരോപണങ്ങളെല്ലാം തള്ളിയിരുന്നു. ഇപ്പോഴിതാ പണ്ട് ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്.
'കാവ്യാ മാധവനുമായി ചേർത്ത് ആൾക്കാർ ഓരോന്ന് പറയുമ്പോൾ മഞ്ജുവിന് സങ്കടം തോന്നിയിട്ടുണ്ടാവും. ആളുകൾ ഇങ്ങനെ പറയുന്നുണ്ടെന്ന് അവൾ പറയുമ്പോൾ അവർ പറഞ്ഞോട്ടെ അതിലൊന്നും കാര്യമില്ല എന്നാണ് ഞാൻ പറയാറുള്ളത്. ഭാര്യ എന്നതിനപ്പുറം എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് മഞ്ജു. മഞ്ജുവിനെ ഞാൻ ഒളിപ്പിച്ച് വച്ചു എന്നാണ് പലരും പറഞ്ഞിട്ടുള്ളത്. പൊസസീവ് ആകുന്നത് ശരിയല്ല എന്ന് തോന്നിയപ്പോൾ ഞാനാ സ്വഭാവത്തിൽ മാറ്റം വരുത്തി. മഞ്ജുവിന് ഇഷ്‌ടമുള്ളത് ചെയ്യാൻ ഞാൻ സ്വാതന്ത്ര്യം കൊടുത്തിരുന്നു. ഡാൻസ് പഠിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ നിന്റെ ഇഷ്‌ടം എന്നാണ് ഞാൻ പറഞ്ഞത്.
സ്‌കൂൾ കഴിഞ്ഞയുടൻ സിനിമയിലേക്ക് വന്നയാളാണ് മഞ്ജു. പഠിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അത് ചെയ്യണമെന്ന് ഞാൻ പറഞ്ഞിരുന്നു. പിന്നെ എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുക്കാൻ എനിക്ക് ചിലപ്പോൾ ജോലിത്തിരക്ക് കാരണം സാധിച്ചെന്ന് വരാറില്ല. നാളെ മഞ്ജു സിനിമ ചെയ്‌താൽ കൊള്ളാമെന്ന് പറഞ്ഞാൽ അതും ഞാൻ എതിർക്കില്ല ' - ദിലീപ് അന്നത്തെ അഭിമുഖത്തിൽ പറഞ്ഞു.