ഭർതൃമാതാവിന്റെ പീഡനം; മക്കളുമായി കിണറ്റിൽ ചാടി, ആറ് വയസുകാരൻ മരിച്ചതിന് പിന്നാലെ അമ്മ റിമാൻഡിൽ

Tuesday 12 August 2025 11:43 AM IST

കണ്ണൂർ: രണ്ട് മക്കളുമായി കിണറ്റിൽ ചാടിയതിനെത്തുടർന്ന് ആറ് വയസുകാരൻ മരിച്ച സംഭവത്തിൽ അമ്മ റിമാൻഡിൽ. ചെറുതാഴം ശ്രീസ്ഥയിൽ ധനേഷിന്റെ ഭാര്യ പിപി ധനജയാണ് (30) റിമാൻഡിലായത്. ആത്മഹത്യാ പ്രേരണയ്‌ക്ക് അറസ്റ്റിലായ ധനേഷിന്റെ അമ്മ ശ്യാമളയെ (71) കോടതി ജാമ്യത്തിൽവിട്ടു. പയ്യന്നൂർ കോടതിയാണ് ധനജയെ റിമാൻഡ് ചെയ്‌തത്.

ഇക്കഴിഞ്ഞ ജൂലായ് 30ന് ഉച്ചയ്‌ക്ക് 12 മണിക്കായിരുന്നു സംഭവം. ധനജ രണ്ട് മക്കളെയുംകൊണ്ട് ഭർതൃവീട്ടിലെ കിണറ്റിൽ ചാടുകയായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്‌ചയാണ് മകൻ ധ്യാൻകൃഷ്‌ണ മരിച്ചത്. അന്ന് തന്നെ പൊലീസ് ധനജയ്‌ക്കെതിരെ കേസെടുത്തു. ധനജയും മകൾ ദേവികയും കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ധനജയുടെ തുടർചികിത്സ ജയിൽ അനധികൃതരുടെ മേൽനോട്ടത്തിൽ നടക്കും. നിലവിൽ ഇവരെ കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

മകന്റെ ഭാര്യയായ ധനജയ്‌ക്ക് നേരെയുള്ള ശാരീരിക, മാനസിക പീഡനത്തിന്റെ പേരിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഭർതൃമാതാവ് ശ്യാമളയെ അറസ്റ്റ് ചെയ്‌തത്. ഇവരെ പയ്യന്നൂർ കോടതി ജാമ്യത്തിൽ വിടുകയായിരുന്നു. സംഭവത്തിൽ പൊലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.