ഈ റോഡ് വഴി കടന്നുപോകുന്നവർ ശ്രദ്ധിച്ചോ, 17 ലക്ഷം വാഹനങ്ങൾക്ക് പിഴയായി നൽകിയത് 450 കോടി

Tuesday 12 August 2025 3:47 PM IST

മുംബയ്: ഇ-സർവൈലൻസ് നിലവിൽ വന്നതിനുശേഷം മുംബയ്-പൂനെ എക്സ്പ്രസ് ഹൈവേയിലെ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം ഗതാഗത നിയമലംഘനങ്ങൾക്ക് 2.7 ദശലക്ഷം ഇ-ചലാനുകൾ അയച്ചു. ഇതുവഴി 470 കോടി രൂപയുടെ പിഴയാണ് വാഹന ഉടമകൾ അടയ്‌ക്കേണ്ടത്. എന്നാൽ ഇതുവരെ 51 കോടി രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്.

ഗതാഗത വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 95 കി.മീ എക്സ്പ്രസ് വേയിൽ വേഗപരിധി ലംഘിച്ചതിൽ ഭൂരിഭാഗവും കാറുകളായിരുന്നു,. 1.7 ദശലക്ഷത്തിലധികം ഇ-ചലാനുകളാണ് കാറുകൾക്ക് മാത്രമായി അയച്ചത്. ഹെവി ഗുഡ്സ് വാഹനങ്ങൾക്ക് 327,000 ചലാനുകൾ അയച്ചു. ബസുകൾ പോലുള്ള ഹെവി പാസഞ്ചർ വാഹനങ്ങൾക്ക് 248,000 ചലാനുകൾ. ടാക്സികൾ 200,000, ലൈറ്റ് ഗുഡ്സ് കാരിയറുകൾക്ക് 120,000 ചലാനുകൾ എന്നിങ്ങനെയാണ് കണക്ക്.

മീഡിയം ഗുഡ്സ് വാഹനങ്ങൾക്ക് 85,468 ചലാനുകളും ആർട്ടിക്കുലേറ്റഡ് ഹെവി ഗുഡ്സ് വാഹനങ്ങൾക്ക് 30,450 ചലാനുകളും, മീഡിയം പാസഞ്ചർ ബസുകൾക്ക് 14,764 ചലാനുകളും ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 2024 ജൂലായ് 19 മുതൽ ഈ വർഷം ജൂലായ് 17 വരെ 470 കോടി രൂപ പിഴ ഈടാക്കാനുള്ള ചലാനുകൾ അയച്ചെന്ന് മഹാരാഷ്ട്ര മോട്ടോർ വാഹന വകുപ്പിലെ (എംഎംവിഡി) ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. തിരക്കേറിയ മുംബയ്- പൂനെ അതിവേഗപാതയിലെ അപകടങ്ങൾ കുറയ്ക്കുന്നതിനായി ഉയർന്ന റെസല്യൂഷൻ ക്യാമറകളും എഐ അധിഷ്ഠിത ഇന്റിലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റവും നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.