"2052ലാണ് ചൈന ഇപ്പോൾ ജീവിക്കുന്നത്"റോഡിലെ പുതിയ ടെക്‌നോളജി കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ

Tuesday 12 August 2025 3:54 PM IST

ചൈനീസ് പ്രൊഡക്ട് എന്നും പറഞ്ഞ് പല സാധനങ്ങളും നമ്മൾ വിലകുറച്ച് കാണാറുണ്ട്. അതിന്റെ ക്വാളിറ്റി മോശമായിരിക്കുമെന്ന മുൻ ധാരണതന്നെയാണ് ഇതിനുപിന്നിൽ. എന്നാൽ ചൈനയിലെ പുതിയൊരു ടെക്‌നോളജിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. റോബോട്ട് ട്രാഫിക് കൺട്രോൾ ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ചൈനയിലെ ഷാങ്ഹായിലെ 'റോബോട്ട് പൊലീസ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ റോബോർട്ട് വാഹനങ്ങൾക്ക് വളരെ കൃത്യമായി കൈകൊണ്ട് നിർദേശം കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്.

പരീക്ഷണാടിസ്ഥാനത്തിലാണ് ട്രാഫിക് മാനേജ്‌മെന്റിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ റോബോട്ട് നിലവിൽ പ്രവർത്തിക്കുന്നതെന്ന് ഷാങ്ഹായ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുടെ ട്രാഫിക് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. പരീക്ഷണം എപ്പോൾ പൂർത്തിയാകുമെന്ന് വ്യക്തമല്ല. റോബോർട്ടിന്റെ വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ ആയിരക്കണക്കിന് പേരാണ് കണ്ടത്.

നിരവധി പേർ കമന്റ് ചെയ്‌തിട്ടുണ്ട്. ഇതിൽ കൂടുതൽ പേരും ചൈനയുടെ ടെക്‌നോളജിയുടെ പുരോഗതിയെ അഭിനന്ദിക്കുന്നുണ്ട്. 2052ലാണ് ചൈന ഇപ്പോൾ ജീവിക്കുന്നതെന്നാണ് ഒരാളുടെ കമന്റ്. എല്ലായിടത്തേക്കും ഇത്തരത്തിലുള്ള ടെക്‌നോളജികൾ വ്യാപിപ്പിക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നു.