കൂരിയാട്  ഡിസെെനിൽ  തകരാർ  ഉണ്ട്;  ഉത്തരവാദികളായ  ഉദ്യോഗസ്ഥർക്കെതിരെ  കർശന  നടപടി  സ്വീകരിക്കണമെന്ന് പിഎസി

Tuesday 12 August 2025 3:57 PM IST

ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത നിർമാണത്തെ വിമർശിച്ച് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി എ സി) റിപ്പോർട്ട്. പാർലമെന്റിൽ പിഎസി സമർപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം. ദേശീയപാത അതോറിറ്റിയുടെ പ്രവർത്തനത്തിൽ സമഗ്ര ഓഡിറ്റിംഗ് വേണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. കൂരിയാട് ഡിസെെനിൽ തകരാർ ഉണ്ടായെന്ന് ദേശീയപാത അതോറിറ്റി സമ്മതിച്ചതായും റിപ്പോ‌ർട്ടിൽ പറയുന്നു. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.

ഓരോ സംസ്ഥാനത്തും ഡിസെെൻ തീരുമാനിക്കുമ്പോൾ എംപിമാരുൾപ്പെടെയുള്ള ജനപ്രതിനിധികളുമായും സംസ്ഥാന വിദഗ്ധരുമായും കൂടിയാലോചന നടത്തണം. വീഴ്ച വരുത്തിയ കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തി ഭാവിയിൽ കരാറുകൾ നൽകരുത്. ഉപകരാറുകൾ തീരെ കുറഞ്ഞ തുകയ്ക്ക് നൽകുന്നതിൽ പിഎസി ആശങ്ക രേഖപ്പെടുത്തി.

കടമ്പാട്ടുകോണം - കഴക്കൂട്ടം പാതയ്ക്ക് കരാറെടുത്തത് 3684 കോടി രൂപയ്ക്കാണ്. എന്നാൽ ഉപകരാർ നൽകിയത് 795 കോടിക്കാണെന്നും റിപ്പോർട്ടിൽ വ്യക്തതമാണ്. കേരളത്തിൽ ഉപകരാറുകളുടെ ശരാശരി എടുത്താൽ ടെൻഡർ തുകയുടെ 54 ശതമാനം മാത്രമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഉപകരാറുകളുടെ വിശദമായ വിലയിരുത്തൽ ഗതാഗത മന്ത്രാലയം നടത്തണം ഡിസെെൻ തയ്യാറാക്കാനും അംഗീകരിക്കാനുമുള്ള സംവിധാനം ദേശീയപാത അതോറിറ്റിക്ക് വേണമെന്നും പിഎസി ശുപാർശ ചെയ്തു. ടോൾ തീരുമാനിക്കാൻ പ്രത്യേക നിയന്ത്രണ അതോറിറ്റി രൂപീകരിക്കണമെന്നും നിർദേശമുണ്ട്.