'നാണവും മാനവും ഉണ്ടെങ്കിൽ എംപി സ്ഥാനം രാജിവച്ച് മാപ്പ് പറയണം'; സുരേഷ് ഗോപിക്കെതിരെ ശിവൻകുട്ടി

Tuesday 12 August 2025 4:06 PM IST

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നടന്നത് ജനാധിപത്യ കശാപ്പാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വീട്ടുടമസ്ഥർക്ക് പോലും അറിയാൻ കഴിയാത്ത രീതിയിൽ അവരുടെ മേൽവിലാസത്തിൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ഗുരുതരമായ കുറ്റമാണെന്നും ഇത്രയും വലിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സുരേഷ് ഗോപിക്ക് ഒരു നിമിഷം പോലും ലോക്സഭാ അംഗമായി തുടരാൻ അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി ശിവൻകുട്ടിയുടെ പ്രതികരണം.

'നാണവും മാനവും ഉണ്ടെങ്കിൽ ഉടൻതന്നെ എംപി സ്ഥാനം രാജിവെച്ച് സുരേഷ് ഗോപി വോട്ടർമാരോട് മാപ്പ് പറയണം. കേന്ദ്ര മന്ത്രിയായിട്ടും ഈ വിഷയത്തിൽ ഒരു വാക്കുപോലും മിണ്ടാതെ സുരേഷ് ഗോപി ഒളിച്ചോടുകയാണ്. ഇത് അദ്ദേഹത്തിന്റെ ജാള്യത മറയ്ക്കാൻ വേണ്ടിയുള്ള ശ്രമമാണ്. തൃശ്ശൂരിൽ നടന്ന ഈ തട്ടിപ്പ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ആവർത്തിക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ആശങ്കയും ഉയരുന്നുണ്ട്'- വി ശിവൻകുട്ടി പറഞ്ഞു.

ശിവൻകുട്ടിയുടെ പോസ്റ്റിന്റെ പൂർണരൂപം തൃശൂരിൽ നടന്നത് ജനാധിപത്യ കശാപ്പ്!

തൃശൂർ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ബിജെപി ജനാധിപത്യത്തെ എത്ര നിസ്സാരമായാണ് കണ്ടിരിക്കുന്നതെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു. വീട്ടുടമസ്ഥർക്ക് പോലും അറിയാൻ കഴിയാത്ത രീതിയിൽ അവരുടെ മേൽവിലാസത്തിൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ഗുരുതരമായ കുറ്റമാണ്. ഇത് നഗ്നമായ ജനാധിപത്യ കശാപ്പാണ്.

ഇത്രയും വലിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സുരേഷ് ഗോപിക്ക് ഒരു നിമിഷം പോലും ലോക്സഭാ അംഗമായി തുടരാൻ അർഹതയില്ല. അദ്ദേഹത്തിന് നാണവും മാനവും ഉണ്ടെങ്കിൽ ഉടൻതന്നെ എംപി സ്ഥാനം രാജിവെച്ച് വോട്ടർമാരോട് മാപ്പ് പറയണം.കേന്ദ്ര മന്ത്രിയായിട്ടും ഈ വിഷയത്തിൽ ഒരു വാക്കുപോലും മിണ്ടാതെ സുരേഷ് ഗോപി ഒളിച്ചോടുകയാണ്. ഇത് അദ്ദേഹത്തിന്റെ ജാള്യത മറയ്ക്കാൻ വേണ്ടിയുള്ള ശ്രമമാണ്.

തൃശ്ശൂരിൽ നടന്ന ഈ തട്ടിപ്പ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും ആവർത്തിക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ആശങ്കയും ഉയരുന്നുണ്ട്. തിരുവനന്തപുരം നഗരസഭ അടക്കമുള്ള ചില തദ്ദേശ ഭരണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇവർ സമാനമായ നീക്കങ്ങൾ നടത്താൻ സാധ്യതയുണ്ട്. ഓരോ വോട്ടറും ജാഗ്രത പാലിക്കേണ്ട സമയമാണിത്. നമ്മുടെ ജനാധിപത്യത്തെയും ജനവിധിയെയും സംരക്ഷിക്കാൻ നമ്മൾ ഒറ്റക്കെട്ടായി നിലകൊള്ളണം. ജനാധിപത്യം സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്.