വെറുതേ ഒരു ആണവ ഭീഷണി

Wednesday 13 August 2025 3:47 AM IST

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ" അന്താരാഷ്ട്ര തലത്തിൽ തന്നെ പാകിസ്ഥാന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിരുന്നു. പ്രധാനപ്പെട്ട ലോകരാജ്യങ്ങളിൽ വിവിധ ഇന്ത്യൻ പ്രതിനിധി സംഘങ്ങൾ നേരിട്ടു പോയി ഈ ഏറ്റുമുട്ടലിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുകയും ചെയ്തിരുന്നു. നയതന്ത്ര ഫോറങ്ങളിൽ വ്യാജ പ്രചാരണം നടത്താനുള്ള പാകിസ്ഥാന്റെ അവസരമാണ് ഇത് ഇല്ലാതാക്കിയത്. പാകിസ്ഥാനിലെ പട്ടാളം തന്നെയാണ് ഭീകരർക്ക് പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ സഹായങ്ങളും നൽകുന്നത്. തകർക്കപ്പെട്ട ഭീകര കേന്ദ്രങ്ങളുടെയും വ്യോമസേനാ താവളങ്ങളുടെയും ചിത്രങ്ങളും മറ്റ് തെളിവുകളും സഹിതമാണ് ഇന്ത്യ വിശദീകരിച്ചത്. പാകിസ്ഥാനിലെ ഒരു ജനവാസ കേന്ദ്രത്തിലും ഇന്ത്യ മിസൈലാക്രമണം നടത്തിയില്ല എന്നത്, അവിടത്തെ ജനങ്ങൾക്ക് എതിരായല്ല,​ ഭീകരർക്കും അവരെ പിന്തുണയ്ക്കുന്ന സൈനിക ശക്തിക്കുമെതിരെ മാത്രമാണ് ഇന്ത്യ പ്രതികരിച്ചതെന്നതിന് തെളിവായി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

പാക് ആണവ കേന്ദ്രത്തിന്റെ കവാടം മിസൈൽ ആക്രമണത്തിൽ തകർക്കപ്പെട്ടപ്പോൾ പാകിസ്ഥാന്റെ മിലിട്ടറി കമാൻഡർ നേരിട്ട് അപേക്ഷിച്ചതനുസരിച്ചാണ് ഇന്ത്യ ആക്രമണം നാലുദിവസത്തിനുള്ളിൽ മതിയാക്കിയത്. ഇതിനു പിന്നാലെ 'ഓപ്പറേഷൻ സിന്ദൂർ" തത്‌കാലം നിറുത്തിയതാണെന്നും അത് അവസാനിച്ചിട്ടില്ലെന്നുമുള്ള മുന്നറിയിപ്പ് പ്രധാനമന്ത്രി മോദി നൽകുകയും ചെയ്തിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിൽ ഒരു ലോക ശക്തിയും പങ്കാളിയാവാനോ ഇടപെടാനോ വന്നതുമില്ല. എന്നാൽ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന വീൺവാദം അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുഴക്കിയത് ഇന്ത്യ കൈയോടെ തള്ളിക്കളയുകയും ചെയ്തിരുന്നു. യുദ്ധത്തിൽ സംഭവിച്ച പരാജയവും മ്ളേച്ഛതയും മറയ്ക്കാൻ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ 'വാക്ക് യുദ്ധ"വുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.

സിന്ധു നദിയിൽ അണക്കെട്ട് നിർമ്മിച്ചാൽ മിസൈൽ ഉപയോഗിച്ച് തകർക്കുമെന്നും ഇനിയും ഇന്ത്യയുടെ ഭീഷണി ഉയർന്നാൽ ആണവായുധം പ്രയോഗിക്കുമെന്നുമാണ് പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഭീഷണി മുഴക്കിയിരിക്കുന്നത്. അമേരിക്കൻ സന്ദർശനത്തിനിടയിലാണ് ഈ ഭീഷണി മുഴക്കിയതെന്നതാണ് ഇതിന് പുതിയ മാനങ്ങൾ നൽകുന്നത്. ഇതിനെല്ലാം അമേരിക്കയുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് ലോകത്തെ ബോധിപ്പിക്കാനുള്ള ഒരു ശ്രമമാണ് അസിം മുനീർ നടത്തിയത്. ആണവായുധങ്ങൾ നിർമ്മിക്കുന്നു എന്നാരോപിച്ച് അമേരിക്കയും ഇസ്രയേലും സംയുക്തമായി അടുത്തിടെ ഇറാനെ ആക്രമിച്ചിരുന്നു. അതേ അമേരിക്കയുടെ മണ്ണിൽ നിന്നാണ് പാക് സൈനിക മേധാവി ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇത് ആണവ വിഷയത്തിലുള്ള അമേരിക്കയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടാൻ പര്യാപ്തമാണ്.

കാശ‌്‌മീർ പാകിസ്ഥാന്റെ കഴുത്തിലെ സിരയാണെന്നും ഫ്ളോറിഡയിലെ ടാമ്പയിൽ പാക് നിവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പാക് സൈനിക മേധാവി പറയുകയുണ്ടായി. പ്രവൃത്തിയിൽ തോറ്റവൻ വീരവാദങ്ങൾ നടത്തുന്നത് നാണക്കേട് മറയ്ക്കാൻ വേണ്ടിയാണെന്നത് ആർക്കാണ് മനസിലാകാത്തത്?​ യു.എസ് മണ്ണിൽ നിന്നുകൊണ്ടുള്ള അസിം മുനീറിന്റെ ഭീഷണി ആണവ സംവിധാനമുള്ള നിരുത്തരവാദപരമായ രാജ്യമാണ് പാകിസ്ഥാനെന്ന് തെളിയിച്ചിരിക്കുകയാണെന്നാണ് ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചത്. പാകിസ്ഥാനിൽ ജനാധിപത്യമില്ലെന്നും രാജ്യം നിയന്ത്രിക്കുന്നത് സൈന്യമാണെന്നും ബോദ്ധ്യപ്പെടുത്തുന്നതാണ് മുനീറിന്റെ പ്രസ്താവന. അമേരിക്കയിൽ സ്വീകരണം കിട്ടിയതിന്റെ ധൈര്യത്തിൽ പാകിസ്ഥാനിൽ നിശ്ശബ്ദമായോ പരസ്യമായോ അട്ടിമറി നടത്തി പ്രസിഡന്റാകാനുള്ള നീക്കമാണ് മുനീർ നടത്തുന്നതെന്നും അതിനുള്ള കളമൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ ഭീഷണി മുഴക്കിയിരിക്കുന്നതെന്നും അനുമാനിക്കുന്നതിൽ തെറ്റില്ല.