മാലിന്യത്തിൽ നിന്ന് ഗ്യാസ്: ആവിയായി പദ്ധതി

Wednesday 13 August 2025 4:06 AM IST

ആവശ്യത്തിന് മാലിന്യമില്ലെന്ന്

ആറ്റിങ്ങൽ: ജൈവ മാലിന്യത്തിൽ നിന്ന് വാതക ഊർജ്ജം ഉത്പാദിക്കുന്ന പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി.ആറ്റിങ്ങൽ ഖരമാലിന്യ പ്ലാന്റിലായിരുന്നു സി.എൻ.ജി പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ആവശ്യത്തിന് മാലിന്യം ലഭിക്കാതായതോടെ പദ്ധതി നിലയ്ക്കുകയായിരുന്നു. നിലവിൽ മാലിന്യം സംസ്കരിച്ച് ജൈവ വളമാക്കി മാറ്റുന്ന സംവിധാനം മാത്രമാണ് ആറ്റിങ്ങലിലുള്ളത്. സംസ്ഥാനത്തുതന്നെ ശ്രദ്ധ നേടിയ ഖരമാലിന്യ പ്ലാന്റാണ് ആറ്റിങ്ങലിലേത്.

ഒന്നാംഘട്ടത്തിൽ തന്നെ മാലിന്യത്തിൽ നിന്നുണ്ടാവുന്ന മീഥേൻ ഗ്യാസ് ശേഖരിച്ച് ഊർജോത്‌പാദനത്തിന്റെ പുതിയൊരു തലം പ്രാവർത്തികമാക്കാമെന്ന പ്രതീക്ഷയും നഗരസഭയ്ക്കുണ്ടായിരുന്നു.

സാങ്കേതികവിദഗ്ദ്ധ സംഘം ആറ്റിങ്ങൽ നഗരസഭയുടെ ഖരമാലിന്യ പ്ലാന്റ് സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിട്ട് മാസങ്ങൾ കഴിഞ്ഞു.സംഘം പദ്ധതി നടത്തിപ്പുമായി ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള,സെക്രട്ടറി അരുൺകുമാർ, ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, പ്ലാന്റ് മാനേജർ മോഹൻകുമാർ എന്നിവരോടും സംഘം ചർച്ച നടത്തിയിരുന്നു.എന്നിട്ടും പദ്ധതിക്ക് അനക്കമൊന്നുമില്ല.

പ്രതീക്ഷിച്ചിരുന്നത്

നിർമ്മാണച്ചെലവ് - രണ്ട് കോടിയോളം രൂപ

30 ടൺ മാലിന്യത്തിൽ നിന്ന്

1 ടൺ ഗ്യാസ് ഉത്പാദനം

ജൈവ മാലിന്യങ്ങൾ ഗ്യാസാക്കുന്ന പദ്ധതി നടപ്പിലായാൽ ദിവസവും വൻ തോതിൽ മാലിന്യം ആവശ്യമായിവരും. നിലവിൽ നഗരസഭയുടെ മാലിന്യശേഖരം 13 ടൺ മാത്രമാണ്.

പ്ലാന്റിനാവശ്യമായ മാലിന്യം ആറ്റിങ്ങൽ നഗരസഭാതിർത്തിയിൽ നിന്നുമാത്രം ശേഖരിക്കാനും കഴിയില്ല. സമീപ ഗ്രാമപഞ്ചായത്ത്,നഗരസഭകളിൽ നിന്നുകൂടി ജൈവ മാലിന്യങ്ങൾ ശേഖരിച്ചാൽ മാത്രമേ പദ്ധതി മുടക്കംകൂടാതെ നടപ്പിലാക്കാൻ കഴിയൂ.സ്വന്തം ചെലവിൽ മാലിന്യം ശേഖരിക്കേണ്ടി വരുമെന്നതിനാലാണ് പദ്ധതി നിലച്ചത്.

മുഖ്യമന്ത്രിയുടെ കോർപ്പറേറ്റ് എൻവയൺമെന്റ് റെസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് ബാക്കി രൂപയും ചെലവിട്ടാണ് സി.എൻ.ജി പ്ലാന്റ് നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

ഉത്പാദിപ്പിക്കുന്ന ഗ്യാസ് സി.എൻ.ജി വാഹനങ്ങളുടെ പ്രവർത്തനത്തിനും,വാണിജ്യാടിസ്ഥാനത്തിൽ സിലിണ്ടറൈസ് ചെയ്ത് പൊതു വിപണിയിലെത്തിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന ഗ്യാസിന് ഒരു കിലോയ്ക്ക് 46 രൂപ നിരക്കിലാണ് അധികൃതർ സംഭരിക്കുന്നത്.