'ട്രംപിന് നൊബേൽ ഹരം, ജീവിക്കുന്നത് സ്വയം സൃഷ്ടിച്ച ലോകത്ത്' വീണ്ടും വിമർശനവുമായി മുൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്
വാഷിംഗ്ടൺ: ട്രംപ് ലക്ഷ്യമിടുന്നത് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരമാണെന്ന് യു.എസ് മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ. പാകിസ്താൻ സൈനിക മേധാവി അസിം മുനീറുമായി ഡോണൾഡ് ട്രംപ് കാണിക്കുന്ന അടുപ്പവും ഇന്ത്യയ്‌ക്ക് മേൽ ചുമത്തിയിട്ടുള്ള നികുതി വർദ്ധനവും ദീർഘകാലത്തേക്കുള്ള വിജയം ലക്ഷ്യമിട്ടുള്ള തന്ത്രങ്ങൾ അല്ലെന്നും എല്ലാം ലക്ഷ്യം വയ്ക്കുന്നത് ഒരു നൊബേൽ പുരസ്കാരമാണെന്നുമാണ് ഫസ്റ്റ് പോസ്റ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ജോൺ ബോൾട്ടൺ പറയുന്നത്.
ഇന്ത്യ-പാകിസ്താൻ ഏറ്റുമുട്ടലിന് പിന്നാലെ അസിം മുനീർ വൈറ്റ് ഹൗസിലെത്തി ട്രംപിനെ കണ്ടിരുന്നു. സെന്റ്‌കോം മേധാവിയുടെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അസിം മുനീർ നിലവിൽ അമേരിക്കയിൽ തങ്ങുന്നുമുണ്ട്.
അമേരിക്കന്‍ മണ്ണ് ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കാനായി ഉപയോഗിച്ചിരിക്കുകയാണെന്നും ഇതിനായി അസിം മുനീർ ചെയ്തത് ട്രംപിനെ നൊബേൽ സമാധാന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് 'ഹൗഡി മോഡി', 'നമസ്തേ ട്രംപ്' പോലുള്ള പരിപാടികളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഇതൊരു മുഖസ്തുതി തന്ത്രത്തിന്റെ ഭാഗമാണ്. അത് ട്രംപിന്റെ കാര്യത്തില്‍ പലപ്പോഴും ഫലിക്കാറുമുണ്ട്. അതുകൊണ്ട് പ്രധാനമന്ത്രി മോദിയോടുള്ള തന്റെ നിർദ്ദേശം, അടുത്ത തവണ ട്രംപിനോട് സംസാരിക്കുമ്പോള്‍, അദ്ദേഹത്തെ രണ്ടുതവണ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യാമെന്നും അത് ലഭിക്കുന്നത് വരെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടിരിക്കാമെന്നും വാഗ്ദാനം ചെയ്യുകയെന്നതാണ്.' ഒരുപക്ഷേ അത് സഹായിച്ചേക്കാമെന്നും നോബേൽ ട്രംപിന് ഹരമായി മാറിയിരിക്കുകയാണെന്നും ജോൺ ബോൾട്ടൺ പരിഹാസരൂപേണ പറഞ്ഞു.
ട്രംപിന് പാകിസ്‌താനെക്കുറിച്ച് യാതൊന്നും അറിയില്ലെന്നും ബോൾട്ടൺ ആരോപിച്ചു. 'പാകിസ്താനിലെ എണ്ണശേഖരത്തിന്റെ കാര്യമായ വികസനത്തെക്കുറിച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ട്രംപ് സംസാരിക്കുന്നുണ്ട്. ഇത് പാകിസ്താനിലെ ജനങ്ങളെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത് ട്രംപ് സാധാരണയായി തുടര്‍ന്നുവരുന്ന ഒരു രീതിയാണ്. പല അർത്ഥത്തിലും, അദ്ദേഹം ജീവിക്കുന്നത് സ്വന്തമായി സൃഷ്ടിച്ച ഒരു ലോകത്താണ്. തന്റെ ലോകത്തിന് പുറത്ത് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് അദ്ദേഹം അധികം ചിന്തിക്കാറില്ല. അതുകൊണ്ടുതന്നെ, താൻ പറയുന്നതിന്റെ പ്രത്യാഘാതങ്ങൾ എന്താണെന്ന് ട്രംപ് പലപ്പോഴും അറിയാറില്ല.' എന്നായിരുന്നു ജോൺ ബോൾട്ടണിന്റെ വാക്കുകൾ.