നിവിൻ പോളി- ബി. ഉണ്ണിക്കൃഷ്ണൻ ചിത്രം സെപ്തംബറിൽ
നിവിൻ പോളിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കും. തിരുവനന്തപുരവും എറണാകുളവുമാണ് പ്രധാന ലൊക്കേഷൻ.ആർ.ഡി. ഇലൂമിനേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഷാരിസ് മുഹമ്മദാണ്. ബി.ഉണ്ണിക്കൃഷ്ണൻ ചിത്രത്തിൽ നിവിൻ പോളി ഇതാദ്യമാണ്. എെ ലൗ മീ, ആറാട്ട്, ക്രിസ്റ്റഫർ എന്നീ ചിത്രങ്ങൾ ഒഴികെ ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ എല്ലാം സ്വന്തം തിരക്കഥയിൽ ആയിരുന്നു.എെ ലൗ മീ സേതുവിന്റെയും ആറാട്ടും ക്രിസ്റ്റഫറും ഉദയകൃഷ്ണയുടെയും തിരക്കഥയിലാണ് സംവിധാനം ചെയ്തത്.അതേസമയം
ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മ ഒരുക്കുന്ന ബേബി ഗേൾ, അഖിൽ സത്യന്റെ സർവ്വം മായ, നയൻതാരയോടൊപ്പമുള്ള ഡിയർ സ്റ്റുഡന്റ്സ് എന്നീ ചിത്രങ്ങൾ നിവിൻ പൂർത്തിയാക്കി കഴിഞ്ഞു . ബത് ലഹേം കുടുംബ യൂണിറ്റ്, ഡോൾബി ദിനേശൻ, മൾട്ടിവേഴ്സ് മന്മഥൻ എന്നിവയാണ് നിവിൻ കമ്മിറ്റ് ചെയ്ത മറ്റ് ചിത്രങ്ങൾ. തമിഴ് ചിത്രങ്ങളായ യേഴു കടൽ യേഴു മലൈ, ബെൻസ് എന്നിവ റിലീസാകാനുണ്ട്. രാഘവ ലോറൻസ് നായകനാവുന്ന ബെൻസിൽ പ്രതിനായക വേഷത്തിലാണ് നിവിൻ. റാം സംവിധാനം ചെയ്ത യേഴു കടൽ യേഴു മലൈയിൽ നിവിൻ പോളിയുടെ മികച്ച കഥാപാത്രമായിരിക്കും എന്നാണ് വിലയിരുത്തൽ.