'വൈറൽ സിസ്റ്റേഴ്സ് 'മലയാളത്തിൽ ലോകയിൽ കേൾക്കാം പാട്ട്

Wednesday 13 August 2025 3:44 AM IST

ബോളിവുഡ് സംഗീത ലോകത്ത് വിസ്മയമായി മാറിയ നൂറൻ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന വൈറൽ സഹോദരിമാർ മലയാളത്തിലേക്ക്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന " ലോക - ചാപ്റ്റർ വൺ:ചന്ദ്ര"യിലെ പ്രൊമോ ഗാനം ആലപിച്ചാണ് ജ്യോതി നൂറൻ, സുൽത്താന നൂറൻ സഹോദരിമാരുടെ മലയാള അരങ്ങേറ്റം. ജെയ്ക്സ് ബിജോയ് ആണ് ഗാനത്തിന് സംഗീതമൊരുക്കുന്നത്. കല്യാണി പ്രിയദർശനും നസ്‌ലനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ പ്രൊമോ ഗാനം ആഗസ്റ്റ് 15ന് പുറത്തിറങ്ങും.എംടിവി സൗണ്ട് ട്രിപ്പിങ്, എംടിവി അൺപ്ലഗ്ഗ്ഡ്, കോക്ക് സ്റ്റുഡിയോ എന്നീ പ്രോഗ്രാമുകളിലൂടെ ശ്രദ്ധ നേടിയ സൂഫി ഗായികമാരായ നൂറൻ സിസ്റ്റേഴ്സ് , ഹൈവേ ,​ സിംഗ് ഈസ് ബ്ലിംഗ്, തനു വെഡ്സ് മനു റിട്ടേൺസ്, സുൽത്താൻ, മിർസിയ, ദംഗൽ, ടൈഗർ സിന്ദ ഹേ, ലാൽ സിംഗ് ഛദ്ദ തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിൽ ശ്രദ്ധേയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇവർ ആദ്യമായി മലയാളത്തിലേക്ക് എത്തുമ്പോൾ സംഗീതാസ്വാദകർ‍ ഏറെ പ്രതീക്ഷയിലാണ്. ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർഹീറോയെ അവതരിപ്പിക്കുന്ന ചിത്രം കൂടിയായ ലോക ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്നു. ലോക" എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ശാന്തി ബാലചന്ദ്രൻ, അരുൺ കുര്യൻ, ചന്തു സലിംകുമാർ എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റർ: ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ: ശാന്തി ബാലചന്ദ്രൻ.