സുബ്ബുവിന്റെ കണ്ണാടി പർദ , ട്രെയിലർ
അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത കൃഷ് എന്നിവർ ഒന്നിക്കുന്ന 'പർദ'യുടെ ട്രെയിലർ പുറത്തിറങ്ങി. സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യുന്ന പ്രമേയവുമായി തെലുങ്കിലും മലയാളത്തിലും പർദ ആഗസ്റ്റ് 22ന് റിലീസ് ചെയ്യും. മുഖം 'പർദ’കൊണ്ട് മറയ്ക്കുന്ന ഒരു പാരമ്പര്യമുള്ള ഗ്രാമത്തിൽ ജീവിക്കുന്ന സുബ്ബു എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അനുപമ പരമേശ്വരൻ സുബ്ബുവായി എത്തുമ്പോൾ ദർശന രാജേന്ദ്രന്റെയും സംഗീതയുടെയും കഥാപാത്രങ്ങൾ, സുബ്ബുവിനെ കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം എങ്ങനെ മാറുന്നു എന്നും ഈ കണ്ടുമുട്ടൽ അവളുടെ ജീവിതത്തിനു മേലുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നതും ട്രെയിലറിൽ നിന്ന് മനസിലാക്കാം.'സിനിമാ ബണ്ടി', 'ശുഭം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവീൺ കാണ്ട്രെഗുലയാണ് 'പർദ' സംവിധാനം ചെയ്യുന്നത്. മൃദുൽ സുജിത് സെൻ ഛായാഗ്രഹണവും, ധർമ്മേന്ദ്ര കാക്കറാല എഡിറ്റിംഗും നിർവഹിക്കുന്നു. വിജയ് ഡോൺകട, ശ്രീനിവാസലു പി വി, ശ്രീധർ മക്കുവ എന്നിവർ ആനന്ദ മീഡിയയുടെ ബാനറിൽ ആണ് നിർമ്മാണം. മലയാളത്തിലെ മാർക്കറ്റിംഗും കമ്യൂണിക്കേഷനും സ്റ്റോറീസ് സോഷ്യലിന്റെ ഡോ. സംഗീത ജനചന്ദ്രൻ നിർവഹിക്കുന്നു.