വെറും 18 മിനിറ്റില്‍ എല്ലാം കാലി; ബാങ്കില്‍ നിന്ന് പോയത് 14 കോടിയുടെ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും

Tuesday 12 August 2025 10:23 PM IST

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ഇസാഫ് ബാങ്ക് ശാഖയില്‍ വന്‍ കവര്‍ച്ച. ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 18 മിനിട്ടുകൊണ്ട് 14.8 കിലോഗ്രാം സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു. 14 കോടി രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണമാണ് കവര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജബല്‍പുരിലെ ഖിതോല ശാഖയില്‍ തിങ്കളാഴ്ചയാണ് സംഭവം. ഹെല്‍മറ്റ് ധരിച്ചെത്തിയ അഞ്ച് പേരാണ് മോഷണം നടത്തിയത്.

ബാങ്ക് തുറന്ന ഉടനെയായതിനാല്‍ സുരക്ഷാ ജീവനക്കാരുണ്ടായിരുന്നില്ല. രണ്ട് മോട്ടോര്‍ സൈക്കിളുകളിലെത്തിയ സംഘം ബാങ്കിലേക്ക് കയറുകയായിരുന്നു. ആറ് ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ജീവനക്കാരെ ടോയ്ലെറ്റില്‍ പൂട്ടിയിട്ടു. പിന്നീട് ലോക്കറില്‍ നിന്ന് സ്വര്‍ണവും പണവും കവരുകയായിരുന്നു. രാവിലെ 8.50ന് ബാങ്കില്‍ കയറിയ സംഘം 9.8നാണ് പുറത്തിറങ്ങിയത്. സംഭവം നടന്ന് 45 മിനിറ്റ് കഴിഞ്ഞാണ് ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതെന്ന് ഡി.ഐ.ജി പറഞ്ഞു.

അവിടെ സുരക്ഷ കുറവാണെന്ന് നന്നായി അറിയാവുന്നവരാകാം പിന്നില്‍. കവര്‍ച്ചക്കാരെ കണ്ടെത്തുന്നതിന് ഒന്നിലധികം സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അയല്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയെന്നും ജബല്‍പൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് സമ്പത്ത് ഉപാദ്ധ്യായ അറിയിച്ചു. രാവിലെ 10.30 നാണ് സാധാരണ ബാങ്കിന്റെ പ്രവൃത്തി സമയം. എന്നാല്‍ ഉത്സവ സീസണ്‍ ആയതിനാല്‍ നിലവില്‍ രാവിലെ 8നും 9നും ഇടയില്‍ പ്രവര്‍ത്തനം ആരംഭിക്കും.