'പാകിസ്ഥാന്‍ സൈനിക മേധാവിയെ അനാവശ്യ വ്യക്തിയായി പ്രഖ്യാപിക്കണം'; അസിം മുനീറിനെതിരെ നടപടിക്ക് ആഹ്വാനം

Tuesday 12 August 2025 10:36 PM IST

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ തകര്‍ന്നാല്‍ ലോകത്തിന്റെ പകുതിയെയും കൂടെ കൊണ്ടുപോകും എന്ന പാകിസ്ഥാന്‍ കരസേനാ മേധാവി അസിം മുനീറിന്റെ പ്രസ്താവനയ്ക്കെതിരെ പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍ മൈക്കിള്‍ റൂബിന്‍. അസിം മുനീറിനെതിരെ റൂബിന്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.

യു.എസ് സൈനിക ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഫ്‌ളോറിഡയിലെ ടാമ്പയില്‍ നടന്ന ഒരു യോഗത്തിലായിരുന്നു നേരത്തെ അസിം മുനീര്‍ ഇന്ത്യക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. മുനീറിനെ 'സ്യൂട്ട് ധരിച്ച ഒസാമ ബിന്‍ ലാദന്‍' എന്നാണ് മൈക്കിള്‍ റൂബിന്‍ വിശേഷിപ്പിച്ചത്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്ന അസിം മുനീറിനെതിരെ ശക്തമായ നയതന്ത്ര നടപടിക്ക് അദ്ദേഹം ആഹ്വാനം ചെയ്തു.

അമേരിക്കന്‍ മണ്ണില്‍ പാകിസ്ഥാന്റെ ഭീഷണികള്‍ പൂര്‍ണ്ണമായും അസ്വീകാര്യമാണ്. ഒരു രാഷ്ട്രമെന്ന നിലയില്‍ പാകിസ്ഥാന് ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയുമോ അതോ അതവസാനിപ്പിക്കാന്‍ സമയമായോ എന്ന ചോദ്യം പലരുടെയും മനസ്സില്‍ ഉയര്‍ന്നിട്ടുണ്ട്.

ഇതിനെതിരെ പാക്കിസ്ഥാന്‍ വിശദീകരണം നല്‍കുകയും ക്ഷമ ചോദിക്കുകയും ചെയ്യണം. അതുവരെ അസിം മുനീറിനെ യു.എസില്‍ 'അനാവശ്യ വ്യക്തി' ആയി പ്രഖ്യാപിക്കണമെന്നും റൂബിന്‍ പറഞ്ഞു. ക്ഷമ ചോദിക്കുന്നതുവരെ അദ്ദേഹത്തിനോ പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ക്കോ അമേരിക്കന്‍ വിസ നല്‍കരുതെന്നും മൈക്കിള്‍ റൂബിന്‍ ആവശ്യപ്പെട്ടു.