സിന്തറ്റിക് കം ഫുട്‌ബാൾ കോർട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കായികപ്പെരുമയ്ക്ക് മാറ്റുകൂടും

Wednesday 13 August 2025 12:23 AM IST
കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ തയ്യാറാക്കിയിട്ടുള്ള സിന്തറ്റിക് കം ഫുട്‌ബാൾ കോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: ജില്ലയുടെ കായിക പെരുമായ്ക്ക് മാറ്റുകൂട്ടി, പൊലീസ് പരേഡ് ഗ്രൗണ്ടിൽ തയ്യാറാക്കിയിട്ടുള്ള സിന്തറ്റിക് കം ഫുട്‌ബാൾ കോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കണ്ണൂരിലെ ഒട്ടുമിക്ക കായിക മത്സരങ്ങളും നടന്നുവരുന്നത് ഇവിടെയാണ്. വർഷങ്ങളായി കണ്ണൂർ സ്‌പോർട്സ് സ്‌കൂളിലെ അത്‌ലറ്റിക്സ് താരങ്ങളും ഫുട്‌ബാൾ താരങ്ങളും പരിശീലിക്കുന്നത് ഈ ഗ്രൗണ്ടിലാണ്. സ്‌കൂൾ, കോളജ് കായികമത്സരങ്ങൾ, കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾ തുടങ്ങിയവയും ഇവിടെ നടക്കാറുണ്ട്. അവിടെയാണ് ലോകോത്തര നിലവാരമുള്ള സിന്തറ്റിക്ക് ട്രാക്കും പുൽത്തകിടിയും യാഥാർത്ഥ്യമായത്.

ഉദ്ഘാടനത്തിന് മുന്നോടിയായി കണ്ണൂർ പോലീസ് സിന്തറ്റിക് ട്രാക്കിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. തുടർന്ന് സിന്തറ്റിക് ട്രാക്കിലെ ആദ്യ മത്സരം 4x100 മീറ്റർ റിലേ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനായി. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, എം.എൽ.എമാരായ എം.വി ഗോവിന്ദൻ, കെ.വി. സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി എന്നിവർ വിശിഷ്ടാതിഥികളായി. ഹെഡ് ക്വാർട്ടേഴ്സ് എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എച്ച്. വെങ്കിടേഷ്, നോർത്ത് സോൺ ഐ.ജി രാജ്പാൽ മീണ, കണ്ണൂർ റേഞ്ച് ഡി.ഐ.ജി ജി.എച്ച്. യതീഷ് ചന്ദ്ര, സിറ്റി പൊലീസ് കമ്മിഷണർ പി. നിതിൻ രാജ് എന്നിവർ സംസാരിച്ചു.

മൾട്ടി പർപ്പസ് ഇൻഡോർ കോർട്ടും

7.56 കോടി രൂപ ചെലവിലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. ഇവിടെത്തന്നെ 1.42 കോടി രൂപ ചെലവിൽ മൾട്ടി പർപ്പസ് ഇൻഡോർ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. എല്ലാത്തരം ഇൻഡോർ കായിക വിനോദങ്ങൾക്കും സഹായകരമാകും വിധമുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥർ, യുവാക്കൾ, പൊതുജനങ്ങൾ എന്നിവർക്കായാണ് ഈ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. 1.19 കോടി രൂപ ചെലവിൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നിർമ്മിച്ചിട്ടുള്ള ഹാൾ പൊലീസിന്റെ വിവിധ പരിശീലന പരിപാടികൾക്കും മീറ്റിംഗുകൾക്കും ഉപകാരപ്രദമായ നിലയിലാണ് സജ്ജമാക്കിയിട്ടുള്ളത്.