പ്രമേഹചികിത്സയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ശ്രദ്ധേയ ഗവേഷണ പദ്ധതിയുമായി ഡോ. അശ്വിൻ മുകുന്ദൻ

Wednesday 13 August 2025 12:13 AM IST
ഡോ. അശ്വിൻ മുകുന്ദൻ

കണ്ണൂർ: പ്രമേഹരോഗ ചികിത്സയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് സാദ്ധ്യതകളും ഉപയോഗപ്പെടുത്തുന്നു. പ്രശസ്ത ഡയബറ്റിസ് വിദഗ്ദ്ധൻ ഡോ. അശ്വിൻ മുകുന്ദനാണ് അതിനൂതനമായ ഈ ചികിത്സാ പദ്ധതിയിലേക്ക് ചുവടുവയ്ക്കുന്നത്. ഡോ. അശ്വിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ പുതുതായി ആരംഭിക്കുന്ന ഡോ. അശ്വിൻസ് അഡ്വാൻസ്ഡ് ഡയബറ്റിസ് സെന്ററും ചെന്നൈയിലെ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി കംപ്യൂട്ടേഷണൽ ഇന്റലിജൻസ് ഡിപ്പാർട്‌മെന്റും തമ്മിൽ ഇതിനായി ധാരണാപത്രം ഒപ്പുവച്ചു. പ്രമേഹ രോഗ നിയന്ത്രണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള സംയുക്ത ഗവേഷണമാണ് ലക്ഷ്യം. സംരംഭത്തിന്റെ ആദ്യപടിയായി, ഡയബറ്റിസ് ചികിത്സിക്കുന്ന എല്ലാ ഡോക്ടർമാരുടെയും പ്രിസ്‌ക്രിപ്ഷന്റെ സ്റ്റാൻഡേർഡൈസേഷനും മരുന്ന് പിഴവുകൾ കുറയ്ക്കുന്നതിനുമായി ഒരു പ്രോട്ടോടൈപ്പും വികസിപ്പിക്കും. ഇതിനു വേണ്ടിയുള്ള പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ പ്രയോഗം തുടർ ഗ്ലൂക്കോസ് മോണിറ്ററിംഗ് ഉപകരണങ്ങളിലേക്കും ഇൻസുലിൻ പമ്പുകളിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതികളാണ് തുടർന്നു നടപ്പാക്കുക. രാജ്യത്തിന്റെ തന്നെ ആരോഗ്യ ചികിത്സാ ഗവേഷണ രംഗത്തെ ചരിത്രപരമായ ഇടപെടലാകും പദ്ധതിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിർമ്മിതബുദ്ധി, മെഷീൻ ലേണിംഗ് സാങ്കേതികവിദ്യകൾ പ്രമേഹചികിത്സാരംഗത്തേക്ക് കൊണ്ടുവരുന്നതിൽ ഈ സംയുക്ത ഗവേഷണം വലിയ മന്നേറ്റമാകും. തലശേരി വടക്കുമ്പാട് സ്വദേശിയും ഡോ. അശ്വിൻസ് അഡ്വാൻസ്ഡ് ഡയബറ്റിസ് സെന്ററിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. അശ്വിൻ മുകുന്ദനൊപ്പം, ഡോ. പ്രിയങ്ക കശ്യപും ചെന്നൈ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി സ്‌കൂൾ ഓഫ് കംപ്യൂട്ടിംഗ് ചെയർപേഴ്സൺ ഡോ. രേവതി വെങ്കടരാമൻ, ഡിപ്പാർട്‌മെന്റ് ഓഫ് കംപ്യൂട്ടേഷണൽ ഇന്റലിജൻസ് മേധാവി ഡോ. ആർ. ആനി ഉത്ര, ഡോ. ആർ. ഉദേന്ദ്രൻ മുദലിയാർ, ഡോ. ബാബു ആർ. എം.ഇ, ഡോ. എസ്. സെൽവകുമാരസാമി, ഡോ. ദിനേശ് ജി, ഡോ. കെ. ഷൺമുഖം, എം. രത്നകുമാരി എന്നിവരും ഗവേഷണ പദ്ധതിയുടെ ഭാഗമാകും.