പടിയൂരിൽ ആഫ്രിക്കൻ പന്നിപ്പനി; നിയന്ത്രണം ശക്തമാക്കി
കണ്ണൂർ: പടിയൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗവ്യാപനം തടയാൻ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
പടിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12, കുയിലൂരിലെ വി.വി സുധാകരൻ എന്ന കർഷകന്റെ പന്നിഫാമിലെ പന്നികളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ റിപ്പോർട്ട് ചെയ്തത്. തുടർന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ അദ്ധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന അടിയന്തര യോഗത്തിൽ ദുരന്ത നിവാരണ നിയമപ്രകാരം ഉത്തരവുകൾ പുറപ്പെടുവിച്ചു. പടിയൂരിലെ രോഗബാധിത പ്രദേശത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധി രോഗബാധിത മേഖല എന്നും 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖല എന്നും പ്രഖ്യാപിച്ചു. രോഗബാധിത, നിരീക്ഷണ പ്രദേശങ്ങളിൽ നിന്ന് പന്നികളെ കൊണ്ടുപോകൽ, കൊണ്ടുവരൽ, പന്നിമാംസം വിതരണം, വിൽപ്പന എന്നിവ മൂന്നു മാസത്തേക്ക് നിരോധിച്ചു. നിരീക്ഷണ മേഖലയിൽ ചെക്ക് പോസ്റ്റുകളിലും പ്രവേശന മാർഗങ്ങളിലും പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, ആർ.ടി.ഒ. എന്നിവരുടെ സംയുക്ത പരിശോധന നടത്തി ജാഗ്രത പുലർത്തും. പയ്യാവൂർ, കൂടാളി, ഉളിക്കൽ, ഇരിക്കൂർ, പായം, മലപ്പട്ടം, കീഴല്ലൂർ, കുറ്റ്യാട്ടൂർ, മാലൂർ, ശിവപുരം, തില്ലങ്കേരി പഞ്ചായത്തുകളെയും മട്ടന്നൂർ, ശ്രീകണ്ഠപുരം, ഇരിട്ടി മുനിസിപ്പാലിറ്റികളെയും നിരീക്ഷണ വലയത്തിൽ ഉൾപ്പെടുത്തി. ജില്ലയിൽ പന്നികളുടെ മരണം റിപ്പോർട്ട് ചെയ്താൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ നിർദ്ദേശാനുസരണം ജഡം സുരക്ഷിതമായി മറവുചെയ്യണം എന്നും കളക്ടർ വ്യക്തമാക്കി.