ട്രേഡിംഗ് തട്ടിപ്പ് തുടർക്കഥ, 65കാരന്റെ 14.43 ലക്ഷവും ഠിം!
കൊച്ചി: സൈബർ തട്ടിപ്പിനെതിരെയുള്ള ബോധവത്കരണം ശക്തമാക്കിയിട്ടും ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിന് കുറവില്ല. എറണാകുളം ചേരാനെല്ലൂർ സ്വദേശിയായ 65കാരനാണ് ഒടുവിൽ തട്ടിപ്പിന് ഇരയായത്. 14.43 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാളാണ് പണം തട്ടിയത്. അജ്ഞാതനായ ഇയാളെ പ്രതി ചേർത്ത് കേസ് എടുത്തിട്ടുണ്ട്.
ഒന്നര മാസത്തിനിടെ കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ കേസാണിത്. 2025 മാർച്ചിലാണ് തട്ടിപ്പിന്റെ തുടക്കം. ഫേസ്ബുക്ക് സുഹൃത്ത് ഓൺലൈൻ ട്രേഡിംഗിലെ ലാഭവും മറ്റും പങ്കുവച്ച് 65കാരനെ പ്രലോഭിപ്പിച്ചു. തുടർന്ന് ബാങ്ക് മുഖേനെയും ഗൂഗിൽ പേ വഴിയും ഫേസ്ബുക്ക് സുഹൃത്ത് കൈമാറിയ വ്യാജ ഓൺലൈൻ ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടിൽ പണം നിക്ഷേപം നടത്തി. ആദ്യം ചെറിയ ലാഭം കിട്ടി.
വിശ്വാസം ഇരട്ടിച്ചതോടെ 14 .43 ലക്ഷം നിക്ഷേപിച്ചു. ലാഭമോ നിക്ഷേപമോ ലഭിക്കാതായതോടെ തട്ടിപ്പിൽ വീണുവെന്ന് 65കാരൻ തിരിച്ചറിഞ്ഞു. ഫേസ്ബുക്ക് സുഹൃത്തിനെ പിന്നീട് ബന്ധപ്പെടാനും കഴിഞ്ഞില്ല. ഇതോടെ തിങ്കളാഴ്ച ചേരാനെല്ലൂർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഫേസ്ബുക്ക് ഐ.ഡിയും മറ്റും കൈമാറിയിട്ടുണ്ട്.
ഇരകളിലേറെയും അറുപതുകാർ
കൊച്ചിയിലുൾപ്പെടെ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇരയായവരിൽ ബഹുഭൂരിഭാഗം 60 വയസിന് മുകളിലുള്ളവരാണ്. സൈബർ തട്ടിപ്പുകളെക്കുറിച്ച് ധാരണയില്ലാത്തതും സാങ്കേതികവിദ്യയിലെ ജ്ഞാനക്കുറവും ബാങ്ക് നിക്ഷേപം ഉറപ്പായിരിക്കുമെന്നതുമാണ് പ്രായമായവരെ നോട്ടമിടാൻ കാരണമെന്ന് സൈബർ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു.
ആഗസ്റ്റ് 1- വെർച്വൽ അറസ്റ്റിലൂടെ 77കാരനിൽ നിന്ന് 1.19 കോടി തട്ടി ജൂലായ് 27 - ക്രിപ്‌റ്റോ ട്രേഡിംഗിന്റെ പേരിൽ 59കാരനിൽ നിന്ന് 11.39 ലക്ഷം തട്ടി ജൂൺ 17 -ടാസ്‌ക് നൽകി വീട്ടമ്മയിൽ നിന്ന് തട്ടിയത് എട്ട് ലക്ഷം