ഗവർണറുടെ നിർദേശം തള്ളണം: മന്ത്രി

Wednesday 13 August 2025 12:01 AM IST

തൃശൂർ: ആർ.എസ്.എസിന്റെ തന്ത്രങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച 'വിഭജന ഭീകര ദിനം' കേരളത്തിലെ സർവകലാശാലകളിൽ ആചരിക്കണമെന്ന ഗവർണറുടെ നിർദേശം കലാലയ സമൂഹം തള്ളിക്കളയണമെന്ന് മന്ത്രി ആർ.ബിന്ദു. സ്വാതന്ത്ര്യദിന തലേന്നായ 14ന് വിഭജന ഭീകര ദിനം ആചരിക്കണമെന്നാണ് ഗവർണറുടെ കത്ത്. ഇത് നാടിന്റെ മതനിരപേക്ഷ മൂല്യങ്ങൾ തകർക്കും. സർവകലാശാല സമൂഹം ഇത് പ്രതിരോധിക്കണം. സ്വാതന്ത്ര്യസമര പോരാളികളുടെയും ധീര ദേശാഭിമാനികളുടെയും ചിന്തകളാണ് അന്ന് പങ്കുവെയ്‌ക്കേണ്ടത്. ഇത് തടഞ്ഞ് മതസ്പർദ്ധ വളർത്താനുള്ള സംഘപരിവാർ നീക്കം പൊതുസമൂഹം തിരിച്ചറിയണം. സ്വാതന്ത്ര്യദിനാഘോഷത്തിൽ താൽപര്യമില്ലാത്തവരാണ് അവരെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.