കേരളത്തിലെ ദേശീയ പാത ഉപകരാറുകളിൽ അഴിമതി

Wednesday 13 August 2025 1:19 AM IST

ന്യൂഡൽഹി: കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിനുള്ള ഉപ കരാറുകളിൽ വ്യാപക ക്രമക്കേടുകളും അഴിമതിയും പുറത്തു വന്ന സാഹചര്യത്തിൽ സി.എ.ജി ഓഡിറ്റിംഗിന് നടത്തണമെന്ന് പാർലമെന്റ് പബ്ളിക് അക്കൗണ്ട്‌സ് കമ്മിറ്റി(പി.എ.സി) ശുപാർശ ചെയ്‌തു. മലപ്പുറം കൂരിയാട് അടക്കം നിർമ്മാണ പിഴവുകളിൽ ഉത്തരവാദികളായവർക്കെതിരെ കടുത്ത നടപടി ശുപാർശ ചെയ്‌തെന്നും പി.എ.സി അദ്ധ്യക്ഷൻ കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു.

നിർമ്മാണത്തിലെ കാലതാമസം, ടോൾ പിരിവിലെ അസ്വാഭാവികതകൾ, സേവനങ്ങൾ ലഭ്യമാക്കുന്നതിലെ പ്രശ്‌നങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഓഡിറ്റിംഗിന് ശുപാർശ കൂരിയാട് പോലുള്ള പിഴവുകളിൽ ഇപ്പോൾ ഒരു വർഷ വിലക്കു പോലെ പേരിനുള്ള നടപടികളാണുള്ളത്. മന്ത്രാലയം പിഴവു ശരി വയ്‌ക്കുന്നതിനാൽ കർശന നടപടികൾ അനിവാര്യമാണ്. ദേശീയ പാതാ അതോറിട്ടി ഉദ്യോഗസ്ഥരും ഉത്തരവാദികളാണ്. വീഴ‌്ച വരുത്തുന്ന കരാറുകാരെ കരിമ്പട്ടികയിൽപ്പെടുത്തണം. 3684.98 കോടിയു‌ടെ കടമ്പാട്ടുകോണം-കഴക്കൂട്ടം പദ്ധതി 795 കോടിക്കാണ് ഉപകരാർ നൽകിയത്.

നിർമ്മാണം തീരാതെ ടോൾ പിരിക്കരുത്

 റോഡ് നിർമ്മാണം തീരാത ടോൾ പിരിക്കരുതെന്നാണ് മറ്റൊരു ശുപാർശ.

 ഡി.പി.ആർ തയ്യാറാക്കുമ്പോൾ ജില്ലാ ഭരണകൂടം, സംസ്ഥാന സർക്കാർ പ്രതിനിധികൾ എന്നിവരുമായി ആലോചിക്കണം.

 രൂപകല്പനയിലെ പിഴവുകൾ ഒഴിവാക്കാൻ സാങ്കേതിക വിദഗ്‌ദ്ധരടങ്ങിയ ഉന്നതതല സംവിധാനം രൂപീകരിക്കണം.

 ഉപകരാറുകൾ നിയന്ത്രിക്കപ്പെടുകയും സുതാര്യമാകുകയും വേണം. ഒന്നിലധികം ഉപകരാറുകൾ നൽകരുത്.

 പിഴവുകൾ ആവർത്തിക്കുന്നത് തടയാൻ നിർമ്മാണത്തിന് മുൻപേ ഓഡിറ്റുകൾ അനിവാര്യം.

 സർവീസ് റോഡ് നിലവാരം മെച്ചപ്പെടുത്താൻ മാർഗനിർദ്ദേശങ്ങൾ വേണം. കണക്ടിവിറ്റി, ഡ്രെയിനേജ് അടക്കം ഉൾപ്പെടുന്ന വ്യക്തമായ രൂപകല്പന വേണം.

 അരൂർ, പാലിയേക്കര പോലുള്ള പൂർത്തിയാകാത്തതോ ഗതാഗത യോഗ്യമല്ലാത്തതോ ആയ റോഡുകളിൽ ടോള്‍ പിരിവ് നിരോധിക്കണം.