ആധാർ പൗരത്വ രേഖയല്ല: തിരഞ്ഞെടുപ്പ് കമ്മിഷനെ ശരിവച്ച് സുപ്രീംകോടതി
ന്യൂഡൽഹി: ആധാർ കാർഡ് തിരിച്ചറിയലിന് വേണ്ടി മാത്രമാണെന്നും പൗരത്വം തെളിയിക്കാനുള്ള ആധികാരിക രേഖയല്ലെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് ശരിവച്ച് സുപ്രീംകോടതി. ആധാർ നിയമത്തിലെ 9ാം വകുപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
പൗരത്വ വിഷയം സ്വതന്ത്രമായി പരിശോധിക്കണം. എന്നാൽ, അതിനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടോയെന്നതാണ് സുപ്രധാന ചോദ്യം. അധികാരമുണ്ടെങ്കിൽ പ്രശ്‌നമില്ല. ഇല്ലെങ്കിൽ ഇപ്പോൾ ബീഹാറിൽ വോട്ടർപ്പട്ടിക പരിഷ്കണത്തിൽ നടത്തുന്ന പ്രക്രിയയ്‌ക്ക് തിരിച്ചടിയാകും.
ബീഹാറിലെ വോട്ടർപ്പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികളടക്കം നൽകിയ ഹർജികളിൽ വാദം കേൾക്കവേയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. പൗരത്വ വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അധികാരത്തിൽ പെട്ടതാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ. അഭിഷേക് മുനു സിഗ്‌വി വാദിച്ചു.
ബീഹാറിൽ വോട്ടർപട്ടിക പരിഷ്കരണത്തിന് അധാർ കാർഡ് സ്വീകരിക്കുന്നില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ബീഹാറിലെ കരട് വോട്ടർപ്പട്ടികയിൽ ഒരു കോടിയിൽപ്പരം വോട്ടർമാർ ഒഴിവാക്കപ്പെട്ടെന്ന പ്രതിപക്ഷ പാർട്ടികളുടെ സംശയത്തിനു കാരണം തിരഞ്ഞെടുപ്പ് കമ്മിഷനോടുള്ള വിശ്വാസക്കുറവാണെന്ന് കോടതി പറഞ്ഞു. 7.9 കോടി വോട്ടർമാരിൽ 7.4 കോടിയും പ്രക്രിയയുമായി സഹകരിച്ചു. അതിനാൽ, ഒരു കോടിയിൽപ്പരം വോട്ടർമാരെ ഒഴിവാക്കിയെന്ന വാദം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. വാദം കേൾക്കൽ ഇന്നും തുടരും.
വോട്ടർപട്ടിക: അധികാരി തിരഞ്ഞെടുപ്പ് കമ്മിഷൻ
വോട്ടർപ്പട്ടികയിലെ ഉൾപ്പെടുത്തലും ഒഴിവാക്കലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാര പരിധിയിൽപ്പെട്ടതാണെന്ന് സുപ്രീംകോടതി
ബീഹാറിലെ നടപടികൾ നിയമ വിരുദ്ധമാണെന്ന് ബോദ്ധ്യപ്പെട്ടാൽ റദ്ദാക്കും
'മരിച്ചവർ" കോടതിയിൽ
മരിച്ചെന്ന് കാട്ടി ബീഹാറിലെ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ രണ്ടുപേരെ ഹർജിക്കാരനും ആക്‌ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ് സുപ്രീംകോടതിയിൽ ഹാജരാക്കി. അബദ്ധത്തിൽ സംഭവിച്ച പിഴവായിരിക്കുമെന്ന് ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി പ്രതികരിച്ചു. തിരുത്താവുന്നതേയുള്ളു. യോഗേന്ദ്ര യാദവ് ഉന്നയിച്ച പോയിന്റ് മനസിലായി. എത്ര പേരെയാണ് മരിച്ചുവെന്ന് പറഞ്ഞ് ഒഴിവാക്കിയതെന്നും കോടതി ചോദിച്ചു. വിപുലമായ പ്രക്രിയയിൽ ചില തെറ്റുകൾ വന്നേക്കാമെന്നും സെപ്‌തംബർ 30ന് അന്തിമപ്പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ തെറ്റുകൾ തിരുത്താമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.