തൃശൂരിലെ വോട്ട് വിവാദം: സി.പി.എം - ബി.ജെ.പി പോർവിളി, കല്ലേറ്
തൃശൂർ: വോട്ട് വിവാദത്തിനു പിന്നാലെയുണ്ടായ പ്രതിഷേധങ്ങൾ പൂരനഗരത്തെ മുൾമുനയിലാക്കി. സി.പി.എം ജില്ലാക്കമ്മിറ്റി ഓഫീസിനു മുന്നിൽ സി.പി.എം -ബി.ജെ.പി പോർവിളിയും കല്ലേറും നടന്നു. രാത്രിയോടെ സി.പി.എം ഓഫീസ് പരിസരത്ത് ഒരു മണിക്കൂറോളം ഇരു ഭാഗത്തുമായി അണിനിരന്ന പ്രവർത്തകർ പോർവിളി നടത്തി. നേതാക്കൾ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. കല്ലേറിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു.
വോട്ടവകാശം അട്ടിമറിച്ചെന്നും കന്യാസ്ത്രീകൾക്കുനേരെയുള്ള ആക്രമണത്തിൽ മൗനം പാലിച്ചെന്നും ആരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിലേക്ക് സി.പി.എം മാർച്ച് നടത്തി. പിന്നാലെ ബി.ജെ.പി പ്രവർത്തകർ സി.പി.എം ജില്ലാക്കമ്മിറ്റി ഓഫീസിലേക്കും മാർച്ച് നടത്തി. ഇതാണ് സംഘർഷാവസ്ഥ കടുപ്പിച്ചത്. വൈകിട്ടോടെ സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിനു മുന്നിലെ ബോർഡിൽ സി.പി.എം മാർച്ചിനിടെ കരി ഓയിൽ ഒഴിച്ചിരുന്നു. ചെരുപ്പുമാലയും ഇട്ടു. ഇതോടെ പ്രശ്നം വഷളായി.
കരി ഓയിലൊഴിച്ച വിപിനെ പൊലീസ് അറസ്റ്റുചെയ്ത് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകവേ സി.പി.എം പ്രവർത്തകർ പിടിച്ചിറക്കി മോചിപ്പിച്ചു. ഇതിന് മുന്നേ തന്നെ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി സി.പി.എം ജില്ലാക്കമ്മിറ്റി ഓഫീസിലേക്കെത്തിയിരുന്നു. വഴിയിൽ പൊലീസ് മാർച്ച് തടഞ്ഞതോടെ ഉന്തും തള്ളുമായി. തുടർന്ന് ബി.ജെ.പി നേതാക്കൾ പ്രസംഗം അവസാനിപ്പിച്ച് പിരിയുന്ന ഘട്ടമെത്തിയപ്പോഴേക്കും സി.പി.എം ഏരിയ സെക്രട്ടറി അനൂപ് കാടയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രകടനവുമായെത്തി. പരസ്പരം പോർവിളിയായി. ഇതിനിടയിൽ ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി. സി.പി.എം പ്രവർത്തകരേക്കാൾ എണ്ണത്തിൽ കുറവായിരുന്നു ബി.ജെ.പി പ്രവർത്തകർ. സി.ഐ ജിജോ, എസ്.ഐ ബിബിൻ സി.നായർ എന്നിവരുടെ നേതൃത്വത്തിൽ ആദ്യം ബി.ജെ.പി പ്രവർത്തകരെ പിന്തിരിപ്പിച്ചെങ്കിലും സി.പി.എം പ്രവർത്തകർ വീണ്ടും മുന്നോട്ട് വന്നു. ഇതോടെ പൊലീസ് ബലം പ്രയോഗിക്കുമെന്ന ഘട്ടത്തിലെത്തി. പിന്നീട് രംഗം ശാന്തമായി.
വോട്ട് പരാതി?
തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവനയുൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധമായി തൃശൂരിൽ വോട്ട് ചേർത്തെന്നാണ് പരാതി. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഇരട്ടവോട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു.