കമലഹാസന്റെ കഴുത്തു വെട്ടുമെന്ന് സീരിയൽ നടൻ, മക്കൾ നീതിമയ്യം പൊലീസിന് പരാതി നൽകി

Wednesday 13 August 2025 1:23 AM IST

ചെന്നൈ: സനാതന ധർമത്തിനെതിരേ പ്രസംഗിച്ച മക്കൾ നീതിമയ്യം നേതാവും എം.പിയുമായ കമലഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി. സീരിയൽ നടനായ രവിചന്ദ്രനാണ് വധഭീഷണി മുഴക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മക്കൾ നീതിമയ്യം ഭാരവാഹികൾ ചെന്നൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.

നടൻ സൂര്യയുടെ സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷന്റെ 15ാം വാർഷികാഘോഷ വേദിയിൽ കമൽ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങളാണ് വിവാദമായത്. 'നീറ്റ്' പരീക്ഷയെ വിമർശിച്ച കമലഹാസൻ

'ഈ യുദ്ധത്തിൽ, വിദ്യാഭ്യാസത്തിന് മാത്രമേ രാജ്യത്തെ മാറ്റാൻ ശക്തിയുള്ളൂ. സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ പൊട്ടിക്കാൻ കഴിയുന്ന ഒരേയൊരു ആയുധം വിദ്യാഭ്യാസമാണ്'- എന്നു പറഞ്ഞു,

വിദ്യയല്ലാതെ മറ്റൊരു ആയുധവും കൈയിലെടുക്കരുതെന്നും അജ്ഞരായ ഭൂരിപക്ഷവാദികൾ നിങ്ങളെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു യൂട്യൂബ് അഭിമുഖത്തിൽ രവിചന്ദ്രൻ കമലഹാസനെതിരെ വധഭീഷണി മുഴക്കിയത്. സനാതനധർമത്തെ അവഹേളിക്കുന്ന പ്രസ്താവനയാണ് കമലിന്റേത് എന്നാണ് രവിചന്ദ്രൻ പറയുന്നത്. സനാതനധർമത്തെ അവഹേളിച്ച കമലിനെ പാഠം പഠിപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ സിനിമകൾ തിയേറ്ററിലോ ഒ.ടി.ടിയിലോ കാണരുതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഢി ആഹ്വാനം ചെയ്തിരുന്നു.