ഓസ്‌ട്രേലിയൻ സൈനിക മേധാവി ഇന്ത്യയിൽ
ന്യൂഡൽഹി: ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ഓസ്‌ട്രേലിയൻ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്ട് ഡൽഹി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം മെച്ചപ്പെടുത്തുകയാണ് നാല് ദിവസത്തെ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഓസ്‌ട്രേലിയൻ സൈനിക മേധാവിയെ ഔദ്യോഗികമായി സ്വീകരിക്കുകയും ഗാർഡ് ഒഫ് ഓണർ നൽകുകയും ചെയ്തു. ഇന്ത്യയുടെ സുരക്ഷാ കാഴ്ചപ്പാടുകൾ, ഓപ്പറേഷൻ സിന്ദൂർ, സമീപകാലത്ത് ഇന്ത്യൻ സൈന്യം സ്വീകരിച്ച് ആധുനിക സാങ്കേതികവിദ്യകൾ തുടങ്ങിയവ ജനറൽ ദ്വിവേദി സ്റ്റുവർട്ടുമായി പങ്കുവച്ചു. സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി, വ്യോമസേനാ മേധാവി എയർ മാർഷൽ അമർ പ്രീത് സിംഗ്, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ എന്നിവരുമായി ജനറൽ സ്റ്റുവർട്ട് കൂടിക്കാഴ്ച നടത്തി. ആഗ്രയിലെ 50 പാരച്യൂട്ട് ബ്രിഗേഡും ജനറൽ സ്റ്റുവർട്ട് സന്ദർശിച്ചു. താജ് മഹലും സന്ദർശിച്ച ശേഷം ഡൽഹിയിൽ നാഷണൽ ഡിഫൻസ് കോളേജിലെ പരിപാടിയിലും പങ്കെടുത്തു. നാളെയും മറ്റന്നാളും ജനറൽ സ്റ്റുവർട്ട് പൂനെ സന്ദർശിക്കും. സതേൺ കമാൻഡ് ജനറൽ ഓഫീസർ കാൻഡിംഗ് ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ ധീരജ് സേഠുമായി കൂടിക്കാഴ്ച നടത്തും. നാഷണൽ ഡിഫൻസ് അക്കാദമി സന്ദർശിക്കും.