കേരള കൗമുദി വാർത്ത ഫലം കണ്ടു മോട്ടോർ വാഹനവകുപ്പ് വഴിയിൽ പരിശോധന തുടങ്ങി
പാലാ: ഒടുവിൽ മോട്ടോർ വാഹനവകുപ്പ് വഴിയിൽ പരിശോധന തുടങ്ങി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിലും പാലാ തൊടുപുഴ ഹൈവേയിലുമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തിയത്.
രണ്ട് ദിവസങ്ങളിലായി മുപ്പതോളം വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി പാലാ ജോയിന്റ് ആർ.ടി. ഓഫീസ് അധികൃതർ പറഞ്ഞു.
പാലാ അതിരിടുന്ന ഏറ്റുമാനൂർ, തൊടുപുഴ ഹൈവേകളിൽ വാഹനാപകടങ്ങൾ തുടർക്കഥയായതും ഒരാഴ്ചയ്ക്കിടെ ആറുപേരുടെ ജീവൻ നഷ്ടപ്പെട്ടതും കഴിഞ്ഞ ദിവസം 'കേരള കൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രണ്ട് ഹൈവേകളിലും വേണ്ടത്ര പരിശോധന നടത്തുന്നില്ല എന്ന കാര്യവും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വഴിയിലെ പരിശോധന പുനരാരംഭിച്ചത്.
അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് മിക്ക അപകടങ്ങൾക്കും കാരണമായത്. പാലാ ട്രാഫിക് പൊലീസിൽ വേണ്ടത്ര അംഗബലമില്ലെങ്കിലും അവരാണ് രണ്ട് ഹൈവേകളിലും കഴിയുന്നത്ര പരിശോധന നടത്തിവന്നിരുന്നത്.
ഇവർക്കൊപ്പം ലോക്കൽ പൊലീസും മോട്ടോർ വാഹനവകുപ്പ് അധികാരികളുംകൂടി വഴിയിലിറങ്ങിയാൽ മാത്രമേ വാഹന പരിശോധന കാര്യക്ഷമമാകൂവെന്ന് കേരള കൗമുദി ചൂണ്ടിക്കാട്ടിയിരുന്നു.
ഫോട്ടോ അടിക്കുറിപ്പ് പാലാ തൊടുപുഴ ഹൈവേയിൽ ഇന്നലെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.
ഇത് സംബന്ധിച്ച് കേരള കൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത