ഗ്രേറ്റ് ബോംബെ സർക്കസ് നാളെ മുതൽ

Wednesday 13 August 2025 2:53 AM IST

തിരുവനന്തപുരം: ഓണക്കാലത്ത് സാഹസികതയുടെയും മെയ്‌വഴക്കങ്ങളുടെയും കാഴ്ച വിസ്മയങ്ങളുമായി ഗ്രേറ്റ് ബോംബെ സർക്കസ് നാളെ മുതൽ പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിക്കും. വൈകിട്ട് 7.30ന് മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ പി.കെ.രാജു,കൗൺസിലർമാരായ ഡി.ആർ.അനിൽ,എം.ആർ.ഗോപൻ,പത്മകുമാർ,സിമി ജ്യോതിഷ്,നഗരസഭ സെക്രട്ടറി എസ്.ജഹാംഗിർ,സൂര്യ കൃഷ്ണമൂർത്തി തുടങ്ങിയവർ പങ്കെടുക്കും.

സെപ്തംബർ 21 വരെ നീളുന്ന പ്രദർശനത്തിൽ ഉച്ചയ്ക്ക് 1,വൈകിട്ട് 4,7 എന്നിങ്ങനെ 3 ഷോകളുണ്ടാകും. എത്യോപ്യൻ,അസാം,മണിപ്പൂർ കലാകാരന്മാരുടെയും കലാകാരികളുടെയും പ്രകടനങ്ങളാണ് ഇത്തവണത്തെ ആകർഷണം.

സ്വിംഗിഗ് ബീം, ആക്രോബാറ്റിക്, ഡയാബോളോ, റോളർ ബാലൻസ്, ക്ലബ്സ് ജഗ്ളിംഗ്, സോഡ് ആക്ട്, അമേരിക്കൻ ലിംബിംഗ് ബോർഡ്, റഷ്യൻ ഡെവിൾ ക്ലൗൺ ഐറ്റം, റഷ്യൻ സ്പൈഡ് റിംഗ്, റഷ്യൻ ക്ലൗൺ സ്കിപ്പിംഗ് തുടങ്ങിയ ഇനങ്ങളും പ്രദർശിപ്പിക്കും.റഷ്യൻ ബാലെയുടെ ചുവടുപിടിച്ച് അവതരിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങളും മക്കാവോ, കാക്കാട്ടൂസ് എന്നിവ അടക്കമുള്ള 64ഓളം പക്ഷികളുടെയും മൃഗങ്ങളുടെയും പ്രകടനങ്ങളുമുണ്ടാകും.