സിന്ധു നദീജലം: അഭ്യർത്ഥനയുമായി പാകിസ്ഥാൻ  യുദ്ധ ഭീഷണി മുഴക്കി ബിലാവൽ ഭൂട്ടോ

Wednesday 13 August 2025 7:16 AM IST

ഇസ്ലാമാബാദ് : സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീർ അടക്കം മുതിർന്ന നേതാക്കൾ യുദ്ധ ഭീഷണികൾ തുടരവേ,​ സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടി പിൻവലിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് സിന്ധു നദീജല കരാർ റദ്ദാക്കിയതടക്കം നയതന്ത്രതലത്തിൽ ശക്തമായ തിരിച്ചടി പാകിസ്ഥാന് ഇന്ത്യ നൽകിയത്. കരാർ പൂർണമായി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പാകിസ്ഥാൻ പ്രസ്താവനയിൽ അറിയിച്ചു. ചെനാബ്, ഝലം, സിന്ധു നദികളിലെ ജലം തടസമില്ലാതെ പാകിസ്ഥാന്റെ ഉപയോഗത്തിനായി ഒഴുകാൻ ഇന്ത്യ അനുവദിക്കണമെന്ന ഹേഗ് ആസ്ഥാനമായുള്ള തർക്ക പരിഹാര കോടതിയുടെ നിർദ്ദേശം മുൻനിറുത്തിയാണ് അഭ്യർത്ഥിച്ചത്. എന്നാൽ, കോടതിയുടെ നടപടിക്രമങ്ങൾ അംഗീകരിക്കില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സിന്ധു നദിയിൽ ഇന്ത്യ ഡാമുകൾ നിർമ്മിച്ചാൽ യുദ്ധത്തിലേക്ക് നയിക്കുമെന്ന മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പാകിസ്ഥാന്റെ അഭ്യർത്ഥന. 'സിന്ധു നദി പാകിസ്ഥാന്റെ പൈതൃകത്തിന്റെ ചിഹ്നമാണ്. നദിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ഏതൊരു നടപടിയേയും നേരിടാൻ പാക് പ്രവിശ്യകൾ തയ്യാറാണ്. ഓപ്പറേഷൻ സിന്ദൂർ പോലുള്ള ആക്രമണങ്ങളെ പറ്റി ഇന്ത്യ ആലോചിച്ചാൽ, പാകിസ്ഥാനിലെ എല്ലാ പ്രവിശ്യകളിൽ നിന്നുമുള്ള ജനങ്ങൾ അത് നേരിടാൻ തയ്യാറാണ്. ഈ യുദ്ധത്തിൽ ഇന്ത്യ പരാജയപ്പെടും "- ബിലാവൽ അവകാശപ്പെട്ടു. പാകിസ്ഥാൻ എപ്പോഴും സമാധാനത്തെക്കുറിച്ചാണ് സംസാരിച്ചിട്ടുള്ളതെന്നും ബിലാവൽ വാദിച്ചു. സിന്ധു നദിയുടെ പേരിൽ അടുത്തിടെ പാക് സേനാ മേധാവി അസീം മുനീർ ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ബിലാവലിന്റെ പ്രകോപനപരമായ പരാമർശം.

 റിലയൻസ് റിഫൈനറി ആക്രമിക്കും:

പാക് സേനാ മേധാവി

ആണവ ഭീഷണിക്ക് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനപരമായ പരാമർശവുമായി പാക് സേനാ മേധാവി അസീം മുനീർ. ഭാവിയിൽ ഇന്ത്യയുമായി സൈനിക ഏ​റ്റുമുട്ടലുണ്ടായാൽ, ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമി​റ്റഡിന്റെ റിഫൈനറിയെ ആക്രമിക്കുമെന്നാണ് മുനീറിന്റെ ഭീഷണി. യു.എസിലുള്ള മുനീർ പാക് വംശജരെ അഭിസംബോധന ചെയ്യുകയായിരുന്നു.

 ഇന്ത്യൻ നയതന്ത്രജ്ഞർക്ക് പത്രം വിലക്കി പാകിസ്ഥാൻ

ഓപ്പറേഷൻ സിന്ദൂറിലൂടെ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ പാകിസ്ഥാൻ, ഇസ്ലാമാബാദിലെ ഇന്ത്യൻ നയതന്ത്രജ്ഞരെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ഇന്ത്യൻ നയതന്ത്രജ്ഞർക്കും ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലേക്കുമുള്ള പത്ര വിതരണം പാകിസ്ഥാൻ നിറുത്തി.

തിരിച്ചടിയായി പാക് നയതന്ത്രജ്ഞർക്കുള്ള പത്ര വിതരണം ഇന്ത്യയും നിറുത്തി. അതേ സമയം,​ ഇന്ത്യൻ നയതന്ത്രജ്ഞർക്ക് മേലുള്ള നിരീക്ഷണം പാകിസ്ഥാൻ കടുപ്പിച്ചെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ നയതന്ത്ര വസതികളിലേക്കും ഓഫീസുകളിലേക്കും അനധികൃതമായി കടന്നുകയറാൻ പാക് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൂടാതെ,​ ഗ്യാസ്,​ വെള്ളം തുടങ്ങി അടിസ്ഥാന ആവശ്യങ്ങളും പാക് അധികൃതർ തടസപ്പെടുത്തുന്നെന്നാണ് ആരോപണം. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി സഹകരിക്കരുതെന്ന് പാക് അധികൃതർ പ്രാദേശിക വ്യാപാരികളോട് നിർദ്ദേശിച്ചെന്നാണ് റിപ്പോർട്ട്.