തീരുവ പോര്: ഇളവ് 90 ദിവസത്തേക്ക് കൂടി നീട്ടി യു.എസും ചൈനയും
വാഷിംഗ്ടൺ: ഇറക്കുമതികൾക്ക് പരസ്‌പരം ചുമത്തിയ തീരുവകൾ താത്കാലികമായി കുറച്ച നടപടി 90 ദിവസത്തേക്ക് കൂടി (നവംബർ 10 ഇന്ത്യൻ സമയം രാവിലെ 10.31 വരെ) നീട്ടി യു.എസും ചൈനയും. ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ടു. ചൈനീസ് വാണിജ്യ മന്ത്രാലയവും സമാന്തരമായി ഉത്തരവിറക്കി. മേയിൽ യു.എസ്, ചൈനീസ് ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ ഇരുരാജ്യങ്ങളും ഏർപ്പെടുത്തിയ തീരുവയിൽ നിന്ന് 115 ശതമാനം വീതം കുറയ്ക്കാൻ ധാരണയിലെത്തിയിരുന്നു. ഇതോടെ, ചൈനീസ് ഇറക്കുമതികൾക്ക് യു.എസിൽ ഏർപ്പെടുത്തിയ പകരച്ചുങ്കം 30 ശതമാനമായും, അമേരിക്കൻ ഇറക്കുമതികൾക്ക് ചൈന ചുമത്തിയ തീരുവ 10 ശതമാനത്തിലേക്കും താഴ്ന്നു. ഇന്നലെ രാവിലെ ഇതിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് വീണ്ടും നീട്ടിയത്. ചൈനയുമായി വ്യാപാര കരാറിന് വളരെ അടുത്തെത്തിയെന്ന് ട്രംപ് പറഞ്ഞു. കരാറിന് ധാരണയിലെത്തിയാൽ ഈ വർഷം അവസാനിക്കുന്നതിന് മുന്നേ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയേക്കും. ഏപ്രിലിൽ ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാര യുദ്ധം കൊടുമുടിയിൽ എത്തിയതോടെ ചൈനീസ് ഇറക്കുമതികൾക്ക് ട്രംപ് പ്രഖ്യാപിച്ച തീരുവ സർവകാല റെക്കാഡായ 145 ശതമാനത്തിൽ എത്തിയിരുന്നു. തിരിച്ചടിയായി യു.എസിന് മേൽ 125 ശതമാനം തീരുവ ചൈനയും ചുമത്തി.