മോദി അടുത്ത മാസം അമേരിക്കയിലേക്ക്; ട്രംപുമായി  കൂടിക്കാഴ്ച  നടത്താൻ  സാദ്ധ്യത

Wednesday 13 August 2025 8:31 AM IST

ന്യൂഡൽഹി: അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ സന്ദർശനം നടത്തുമെന്ന് റിപ്പോർട്ട്. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ പൊതുസഭ സമ്മേളനത്തിൽ (യുഎൻജിഎ)​ പങ്കെടുക്കാനായാണ് മോദി യുഎസിലേക്ക് പോകുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനും സാദ്ധ്യതയുണ്ട്. അധിക തീരുവ, വ്യാപാര കരാർ എന്നിവയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ചർച്ച നടത്തുമെന്നാണ് വിവരം. സെപ്തംബർ 23 മുതലാണ് യുഎൻജിഎ ഉച്ചകോടി.

റഷ്യയിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങിയതിനുള്ള പിഴയായാണ് ഇന്ത്യയ്‌ക്ക് ആദ്യം പ്രഖ്യാപിച്ച 25 ശതമാനത്തിന് പുറമെ 25 ശതമാനം അധിക തീരുവ യു.എസ് ചുമത്തിയത്. യുക്രെയിൻ സംഘർഷ സമയത്ത് യുഎസ് ചേരി ഉപരോധം പ്രഖ്യാപിച്ച സമയത്താണ് റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങാൻ തീരുമാനിച്ചത്. ഇതിലുള്ള അമർഷം യുഎസ് മുമ്പും അറിയിച്ചിരുന്നു.

കഴിഞ്ഞദിവസം മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. സവിശേഷവും തന്ത്രപരവുമായ ഇന്ത്യ-റഷ്യ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത നേതാക്കൾ ഉറപ്പിച്ചു. വാർഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കാൻ പുട്ടിനെ ക്ഷണിച്ചു. യുക്രെയിനുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ പുട്ടിൻ മോദിയെ അറിയിച്ചു. സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ സ്ഥിരമായ നിലപാട് മോദി ആവർത്തിച്ചു.