കൂട്ടത്തോടെ റസ്റ്റോറന്റിലെത്തി മൂക്കുമുട്ടെ കഴിച്ചു; ഒടുവിൽ 23,000 രൂപയുടെ ബില്ലടയ്ക്കാതെ യുവാക്കൾ മുങ്ങി

Wednesday 13 August 2025 9:57 AM IST

ലണ്ടൻ: റസ്‌​റ്റോറന്റിൽ നിന്ന് വിഭവസമൃദ്ധമായി ഭക്ഷണം കഴിച്ച് പണം അടയ്ക്കാതെ കടന്നുകളഞ്ഞ യുവാക്കളുടെ വീഡിയോ വൈറലാകുന്നു. ഇംഗ്ലണ്ടിലെ നോർത്താംപ്ടണിലെ ഇന്ത്യൻ റസ്​റ്റോറന്റായ സാഫ്രോണിൽ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ മാസം നാലിനായിരുന്നു സംഭവം. റസ്‌​റ്റോറന്റ് ജീവനക്കാർ യുവാക്കളുടെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. വീഡിയോയിൽ റസ്​റ്റോറന്റിൽ എത്തിയ യുവാക്കൾ ഭക്ഷണം ഓർഡർ ചെയ്യുന്നത് കാണാം. മ​റ്റൊരു വീഡിയോയിൽ ഭക്ഷണം കഴിച്ച ഇവർ പുറത്തേക്ക് ഓടുന്നതും ജീവനക്കാർ അവരെ പിന്തുടരുന്നതും കാണാം.

പുറത്തുവന്ന വിവരമനുസരിച്ച്. യുവാക്കൾ 197.30 പൗണ്ടിന്റെ (23,000 രൂപ) ഭക്ഷണം കഴിച്ചെന്നാണ്. അവർ ഓർഡർ ചെയ്തതിൽ മട്ടൻ വിഭവങ്ങളും ഉണ്ടായിരുന്നു. യുവാക്കളെ തിരിച്ചറിയുന്നതിനായി പരാതി നൽകിയിട്ടുണ്ടെന്ന് റസ്​റ്റോറന്റ് ജീവനക്കാർ അറിയിച്ചു.

സംഭവ ദിവസം രാത്രി 10.15നാണ് യുവാക്കൾ റസ്‌​റ്റോറന്റിലെത്തിയത്. ഒരു ഫുൾ മീൽ ആസ്വദിച്ച് കഴിച്ചു. എന്നിട്ട് പണം നൽകാതെ പോയി. ഈ പെരുമാ​റ്റം മോഷണം മാത്രമല്ല. കഠിനാധ്വാനികളായ ചെറുകിട ബിസിനസുകളെയും നമ്മുടെ പ്രാദേശിക സമൂഹത്തെയും ബാധിക്കുന്നുവെന്നാണ് ജീവനക്കാർ അറിയിച്ചത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മ​റ്റുബിസിനസുകാരോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും റസ്റ്റോറന്റ് ജീവനക്കാ‌ർ അറിയിച്ചു. അതേസമയം, റസ്​റ്റോറന്റിൽ സംഭവിച്ചത് മോഷണമാണെന്നും യുവാക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും നോർത്താംപ്ടൺഷെയർ പൊലീസ് അറിയിച്ചു. വീഡിയോ വൈറലായതോടെ യുവാക്കൾക്ക് രൂക്ഷ വിമർശനമാണ് ലഭിച്ചത്.