മാവേലിക്കരയിൽ കെഎസ്‌ആർടിസി കണ്ടക്‌ടറുടെ കഞ്ചാവ് കച്ചവടം; കയ്യോടെ പൊക്കി എക്‌സൈസ്
ആലപ്പുഴ: കെഎസ്‌ആർടിസി ജീവനക്കാരൻ കഞ്ചാവുമായി പിടിയിൽ. മാവേലിക്കരയിലാണ് സംഭവം. ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്‌ണ (35) ആണ് പിടിയിലായത്. കെഎസ്‌ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്‌ടറാണ് ഇയാൾ. 15 വർഷമായി ഇയാൾ കെഎസ്‌ആർടിസിയിൽ കണ്ടക്‌ടറായി ജോലി ചെയ്യുകയാണ്. ജിതിൻ കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഇയാൾ പിടിയിലായത്.
ഇന്ന് പുലർച്ചെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിൻചുവട് ജംഗ്‌ഷനിൽ വച്ച് വാഹന പരിശോധനയ്‌ക്കിടെയാണ് ഇയാൾ പിടിയിലായത്. 1.286 കിലോ കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ എ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്‌തത്. പ്രിവന്റീവ് ഓഫീസർമാരായ സിപി സാബു, എം റെനി, ബി അഭിലാഷ്, പി അനിലാൽ, ടി ജിയേഷ്, കെആർ രാജീവ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാജൻ ജോസഫ്, സുലേഖ, ഭാഗ്യനാഥ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ മാവേലിക്കര മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തു.