എത്ര കരുത്തേറിയ യുദ്ധ ടാങ്കുകളെയും ഡ്രോണുകളെയും പ്രതിരോധിക്കും, പ്രത്യേക സംവിധാനം തയ്യാറാക്കി യുക്രെയ്ൻ
മൂന്ന് വർഷങ്ങളായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയുടെ മാരകമായ ആയുധങ്ങൾക്കെതിരെ യുക്രെയിനിയൻ പട്ടാളം നിരവധി പ്രതിരോധ മാർഗങ്ങൾ പ്രയോഗിക്കാറുണ്ട്. സൈനിക വാഹനങ്ങൾ റഷ്യയുടെ അത്യന്താധുനിക ഡ്രോണുകളാൽ തകർക്കപ്പെടാതിരിക്കാൻ യുക്രെയ്‌നിലെ സൈന്യം കണ്ടെത്തിയ പുതിയൊരു വഴി ഇപ്പോൾ ലോകമാകെ ജനങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.
തങ്ങൾ ഉപയോഗിക്കുന്ന അമേരിക്കൻ നിർമ്മിത സൈനിക വാഹനമായ ഹംവീയ്‌ക്ക് ചുറ്റും ഇരുമ്പ് മുള്ളുവേലികൾ കൊണ്ട് ഒരു കവചം തന്നെ സൃഷ്‌ടിച്ചിരിക്കുകയാണ് യുക്രെയ്‌നിൻ. റഷ്യൻ അധിനിവേശ സേനയും യുക്രെയ്‌നിയൻ സൈന്യവും തമ്മിൽ ഡോൺസ്‌റ്റ്‌ക് നഗരത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് വാഹനം ഇരുമ്പ് കവചം കൊണ്ട് മൂടി അവതരിപ്പിച്ചത്.
റഷ്യൻ ടാങ്കുകളെ പ്രതിരോധിക്കാനും നിരീക്ഷണത്തിനും ആയുധങ്ങളുമായി വരുന്നതുമായ ഡ്രോണുകളുടെ ആക്രമണം ഏൽക്കാതിരിക്കാനുമാണ് യുക്രെയിനിന്റെ ഇത്തരത്തിലുള്ള നീക്കം. എന്നാൽ ഈ വിദ്യ യുദ്ധത്തിൽ ആദ്യമായി പ്രയോഗിച്ചത് റഷ്യതന്നെയാണ് എന്നതാണ് രസകരമായ കാര്യം. യുക്രെയ്‌നിന്റെ ശക്തമായ ഡ്രോൺ ആക്രമണം പ്രതിരോധിക്കാനായി റഷ്യ അവരുടെ ടാങ്കുകളിലും മറ്റ് സൈനിക വാഹനങ്ങളിലും കഴിഞ്ഞമാസം ഇരുമ്പ് കൂടുകൾ പോലെയുള്ള സംരക്ഷണ കവചം വച്ചുപിടിപ്പിച്ചിരുന്നു. ഇവയുടെ പുറത്തായി മൃദുവായ ഇരുമ്പ് വലകളും ഇട്ടിരുന്നു. ഇതുവഴി ആക്രമണം ഒരു പരിധിവരെ തടയാൻ സാധിച്ചിരുന്നു.
റഷ്യ- യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞയാഴ്‌ച 10 മുതൽ 12 ദിവസം വരെ സമയം പ്രഖ്യാപിച്ചിരുന്നു. നേരത്തെ 50 ദിവസങ്ങളായിരുന്നു ട്രംപ് ഇതിനായി നൽകിയിരുന്നത്. യുക്രെയ്‌ന്റെ ചില ഭാഗങ്ങൾ റഷ്യയ്‌ക്ക് കൈമാറി പ്രശ്‌നം പരിഹരിക്കണമെന്ന് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലെൻസ്‌കിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സെലെൻസ്‌കി പാടേ തള്ളി. തങ്ങളുടെ ഭരണഘടനയെ താഴ്‌ത്തിക്കെട്ടുന്ന ഒരു കാര്യത്തിനും തയ്യാറല്ല എന്നാണ് സെലെൻസ്‌കിയുടെ നിലപാട്.