'സിനിമയിൽ എത്തുന്നതിന് മുമ്പ് ഞാൻ പ്രണയിച്ച നടി, അവളുടെ അമ്മ പറഞ്ഞ ചീത്ത മുഴുവൻ കേട്ടത് സംവിധായകൻ കമലാണ്'

Wednesday 13 August 2025 4:51 PM IST

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായ താര ദമ്പതികളാണ് ജയറാമും പാർവതിയും. സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ തനിക്ക് പാർവതിയോട് പ്രണയമായിരുന്നുവെന്ന് ജയറാം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ പ്രണയിക്കുന്ന സമയത്ത് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെപ്പറ്റി പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

'ഞങ്ങളുടെ പ്രണയം പാർവതിയുടെ അമ്മ അറിയാതിരിക്കാൻ ഏറെ പാടുപെട്ടു. പക്ഷേ ശുഭയാത്ര എന്ന സിനിമയുടെ സെറ്റിൽ എത്തിയപ്പോഴേക്കും അമ്മ എല്ലാം അറിഞ്ഞു. ആ സിനിമയുമായി മുന്നോട്ട് പോരാൻ സമ്മതിച്ചെങ്കിലും ഷൂട്ട് കഴിഞ്ഞാൽ പാർവതി എന്റെ കൺവെട്ടത്ത് പോലും നിൽക്കരുത് എന്നായിരുന്നു അമ്മയുടെ തീരുമാനം. അന്ന് ഞങ്ങളെ സഹായിച്ചത് അടുത്ത സുഹൃത്ത് കൂടിയായ നടൻ കമലായിരുന്നു. അങ്ങനെ അമ്മയ്‌ക്ക് കമലിനോട് കടുത്ത ദേഷ്യമായി.

കമലിക്കയായിരുന്നു ഞങ്ങളുടെ ഹംസം. എന്റെ അമ്മായിഅമ്മ അദ്ദേഹത്തെ ഒരുപാട് ചീത്ത പറഞ്ഞിട്ടുണ്ട്. ശുഭയാത്ര ഷൂട്ടിംഗ് സമയത്ത് ഞാൻ പറഞ്ഞു കമൽ ഇക്കാ പ്ലീസ്.. ഷൂട്ടിംഗ് കഴിയുന്നതിന് മുമ്പ് എനിക്ക് പാർവതിയെ കാണാൻ പറ്റുമോ? അല്ലെങ്കിൽ അവർ അവളെ എന്റെ കൺവെട്ടത്ത് നിന്ന് മാറ്റും എന്ന്. അന്ന് സത്യത്തിൽ ഷൂട്ടിംഗ് കഴിഞ്ഞെങ്കിലും ഒരു ഒമിനിയിൽ ഞങ്ങളെ രണ്ടുപേരെയും കയറ്റി ഷോട്ട് എടുക്കാനെന്ന് പറഞ്ഞ് വിട്ടു. ഒന്ന് കറങ്ങിയിട്ട് വന്നോളാനാ പറഞ്ഞത്. പക്ഷേ, അമ്മ ഇതും അറിഞ്ഞു. ഞങ്ങൾ കാരണം ഇക്ക അന്നും ഒരുപാട് ചീത്ത കേട്ടു' - ജയറാം പറഞ്ഞു.