'സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് ബഹുമതി' കൂലി റിലീസിന് മുൻപേ രജനികാന്തിനോട് മമ്മൂട്ടി
സിനിമയിൽ അമ്പത് വർഷം പൂർത്തിയാക്കിയ സൂപ്പർസ്റ്റാർ രജനികാന്തിന് ആശംസകളുമായി മമ്മൂട്ടി. ദളപതി സിനിമയിൽ ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും മമ്മൂട്ടി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. 1991-ൽ മമ്മൂട്ടിയും രജനികാന്തും ഒരുമിച്ച് അഭിനയിച്ച 'ദളപതി' വൻ വിജയമായി മാറിയ സിനിമയാണ്. അതോടൊപ്പം 14ന് റിലീസ് ചെയ്യാനിരിക്കുന്ന കൂലി എന്ന ചിത്രത്തിനും മെഗാസ്റ്റാർ ആശംസകൾ അറിയിച്ചു.
'സിനിമയിൽ 50 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കിയ പ്രിയപ്പെട്ട രജനീകാന്തിന് ഹൃദയം നിറഞ്ഞ ആശംസകൾ. നിങ്ങളുമായി സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞത് ശരിക്കും ഒരു ബഹുമതിയായി തോന്നി. കൂലിക്ക് എല്ലാവിധ ആശംസകളും നേരുന്നു. എപ്പോഴും പ്രചോദനവും തിളക്കവും നിലനിർത്തുക'. -മമ്മൂട്ടി കുറിച്ചു.
കോളിവുഡ് ഇൻഡസ്ട്രിയിലെ ഹിറ്റ് മേക്കർ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിൽ ദേവ എന്ന മുൻ ഗാങ് ലീഡറെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ രജനികാന്തിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാകും ഈ ചിത്രമെന്ന് ആരാധകർ പ്രതീഷിക്കുന്നത്. നാഗാർജുന, ശ്രുതി ഹാസൻ, പൂജ ഹെഗ്ഡെ ,ഉപേന്ദ്ര , ആമിർ ഖാൻ,സൗബിൻ സാഹിർ എന്നിവർ ഉൾപ്പടെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.