മലയോരനിവാസികൾ ഭീതിയിൽ..., കൂടുകൂട്ടി കടന്നലുകൾ, കൈമലർത്തി വനംവകുപ്പ്
കോട്ടയം : ജനങ്ങൾക്ക് ഭീഷണി ഉയർത്തി കൂടുകൂട്ടിയിരിക്കുന്ന കടന്നലുകളെ പിടിക്കാൻ പരിശീലനം നേടിയവരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പാമ്പുകളെ പിടികൂടുന്നത് പോലെ കടന്നലുകളെ തുരത്താൻ വനംവകുപ്പിന് റെസ്ക്യൂ ടീമില്ല. മലയോരമേഖലയിൽ ഉൾപ്പെടെ ഇവയുടെ ശല്യത്താൽ പൊറുതിമുട്ടുകയാണ് ജനം. കാടിനുള്ളിലെയും ജനവാസകേന്ദ്രങ്ങളിലെയും ഉയരമുള്ള വന്മരങ്ങൾക്കൊപ്പം തെങ്ങ്, പന, കമുക്, റബർ എന്നിവ കടന്നലുകൾക്ക് സുരക്ഷിതമായി കൂടുകൂട്ടാൻ അനുയോജ്യമായ സ്ഥലങ്ങളാണെന്ന് വിദഗ്ദ്ധർ പറയുന്നു. പൂന്തേൻ, പഴച്ചാറുകൾ, ചെറുപ്രാണികൾ എന്നിവയാണ് ഭക്ഷണം. തോട്ടവിളകളും കാടും ഇടകലർന്ന പ്രദേശമായതിനാൽ ഇവയ്ക്ക് ആവശ്യമായ ഭക്ഷണം സുലഭമായി ലഭിക്കും. മുൻകാലങ്ങളെ അപേക്ഷിച്ച് വേനൽക്കാലം നീളുന്നതും ശൈത്യകാലത്ത് തണുപ്പ് കുറയുന്നതും കടന്നലുകളുടെ അതിജീവന നിരക്ക് കൂട്ടുന്നതായാണ് വിലയിരുത്തൽ. ചൂടുകൂടിയ കാലാവസ്ഥ ഇവയുടെ പ്രജനനകാലം വർദ്ധിപ്പിക്കാനും കൂടുതൽ കോളനികൾ ഉണ്ടാകാനും സഹായിക്കുന്നു. മഴയുടെ രീതിയിലുണ്ടായ മാറ്റങ്ങൾ കാരണം പലപ്പോഴും ഇവയുടെ കൂടുകൾ നശിച്ചുപോകാതെ കൂടുതൽ കാലം നിലനിൽക്കുന്നു. കടന്നലുകളെയും അവയുടെ ലാർവകളെയും ഭക്ഷണമാക്കുന്ന പക്ഷികളുടെ കുറവ് കടന്നലുകൾ പെരുകാൻ കാരണമായി.
ആശ്രയം സ്വകാര്യ പരിശീലകർ
കടന്നൽ ശല്യത്തിൽ വലഞ്ഞ് നിരവധിപ്പേർ വനംവകുപ്പിനെ ബന്ധപ്പെടാറുണ്ട്. എന്നാൽ സ്വകാര്യ ട്രെയിനറെ ബന്ധപ്പെടാനാണ് മറുപടി. 5000 രൂപ മുതലാണ് ഇവരുടെ സർവീസ് ചാർജ്. കൂടാതെ വാഹനത്തിൽ കൊണ്ടുവരണം. കടന്നലുകൾ ഇളകിയാൽ പ്രദേശം മുഴുവൻ വ്യാപകമാകും. കുത്തേൽക്കുന്നത് മരണത്തിനും ഇടയാക്കും. പ്രതിരോധ കുത്തിവയ്പ്പാണ് രക്ഷാമാർഗം. രാത്രി തീയിട്ടും മറ്റും കൂടുകൾ നശിപ്പിക്കുമ്പോൾ ചിതറിപ്പോകുന്ന കടന്നലുകൾ കൂടുതൽ അക്രമാസക്തരായി സമീപത്ത് പുതിയ കൂടുകൾ ഉണ്ടാക്കും. കടന്നൽ ആക്രമണമുണ്ടായാൽ പ്രഥമശുശ്രൂഷയെക്കുറിച്ചുള്ള ബോധവത്കരണവും നൽകുന്നില്ല.
നഷ്ടപരിഹാരം 4 ലക്ഷം വരെ
2022 ഒക്ടോബറിലാണ്, കടന്നൽക്കുത്തേറ്റുള്ള മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകിയത്. പിന്നീട് ഈ ഉത്തരവ് ഭേദഗതി ചെയ്ത് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാരത്തുക പരമാവധി 2 ലക്ഷം രൂപയാക്കി. കടന്നൽക്കുത്തേറ്റുള്ള മരണങ്ങൾക്ക് സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്ന് 4 ലക്ഷം രൂപ അനുവദിക്കണമെന്ന് 2025 മേയിൽ ഉത്തരവിറങ്ങിയിരുന്നു.
''നഷ്ടപരിഹാര നടപടിക്രമങ്ങൾ ലളിതമാക്കി ധനസഹായം എത്തിക്കുന്നില്ല. കടന്നൽക്കൂടുകൾ സുരക്ഷിതമായി നശിപ്പിക്കാൻ വനംവകുപ്പിന് സ്ഥിരം സംവിധാനമില്ല.
പൊതുപ്രവർത്തകർ
രണ്ട് വർഷം : കുത്തേറ്റത് 42 പേർക്ക്
മരണം : 2