വയനാട്ടിൽ ഒരുലക്ഷത്തോടടുത്ത് സംശയാസ്‌പദമായ വോട്ടുകൾ, കണക്ക് പുറത്തുവിട്ട് ബിജെപി

Wednesday 13 August 2025 6:04 PM IST

ന്യൂഡൽഹി: വയനാട്ടിലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി ബിജെപി. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ വ്യാജവോട്ട് നടന്നുവെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ ആണ് ആരോപിച്ചത്.

'വയനാട്ടിൽ 93,499 സംശയാസ്‌പദമായ വോട്ടർമാരുണ്ട്. അതിൽ 20,438 വ്യാജ വോട്ടർമാരും 17,450 വ്യാജ വിലാസങ്ങളുളള വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. 51,365 വോട്ടർമാരെയാണ് കൂട്ടിച്ചേർക്കലിലൂടെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ റായ്‌ബറേലിയിലും രണ്ട് ലക്ഷത്തിലധികം സംശയാസ്‌പദമായ വോട്ടർമാരുണ്ട്. 19,512 വ്യാജവോട്ടർമാരും കൂട്ടിച്ചേർക്കലിലൂടെ 92,747 വോട്ടർമാരും പട്ടികയിൽ ഇടംപിടിച്ചു. വോട്ടർ പട്ടികയിൽ വിചിത്രമായ അപാകതകളാണുള്ളത്. 52,000ൽ അധികം വ്യാജ ജനന സർട്ടിഫിക്കറ്റുകൾ വ്യാജ വിലാസങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു'- അനുരാഗ് താക്കൂർ ആരോപിച്ചു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നതായുള്ള രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിച്ച് ജയിച്ച വയനാട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വിഷയം പ്രചരണായുധമാക്കാനും വോട്ടർ പട്ടിക ആരോപണത്തിന് പിന്തുണ നേടാനും കോൺഗ്രസ് Votechori.in എന്ന വെബ്‌ പോർട്ടലും തുടങ്ങിയിട്ടുണ്ട്. 9650003420 ലേക്ക് ഒരു മിസ്ഡ് കോൾ ചെയ്‌തും പിന്തുണയ്‌ക്കാമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്. സുതാര്യതയുള്ള ഡിജിറ്റൽ വോട്ടർ പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുന്നത്. അതുണ്ടായാൽ രാഷ്ട്രീയ പാർട്ടികൾക്ക് സ്വയം ഓഡിറ്റ് ചെയ്യാൻ കഴിയുമെന്ന് രാഹുൽ ഗാന്ധി പറയുന്നു.