വ്യാജ  പൊലീസ്  ക്ലിയറിംഗ്  സർട്ടിഫിക്കറ്റ് നൽകിയ കേസിൽ യുവതി അറസ്റ്റിൽ

Thursday 14 August 2025 1:50 AM IST

മലയിൻകീഴ്: ഊരൂട്ടമ്പലം അക്ഷയ സെന്ററിൽ ജോലി ചെയ്തിരുന്ന റസൽപുരം തേമ്പാമുട്ടം എള്ളുവിള വീട്ടിൽ എസ്.ചിഞ്ചു ദാസിനെ (34) വ്യാജ പൊലീസ് ക്ലിയറിംഗ് സർട്ടിഫിക്കറ്റ് (പി.സി.സി)നൽകിയ കേസിൽ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.2023 മാർച്ച് 25ന് ഊരൂട്ടമ്പലം സ്വദേശിയായ യുവാവിന് സ്വകാര്യ ബാങ്കിൽ ജോലിക്ക് ഹാജരാക്കുന്നതിനാണ് സർട്ടിഫിക്കറ്റ് നൽകിയത്. സംശയം തോന്നിയ ബാങ്ക് അധികൃതർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ വ്യാജ പി.സി.സിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് യുവാവ് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. ചിഞ്ചുദാസിന്റെ ബാങ്ക് അക്കൗണ്ടിലൂടെ ഇതിനായുള്ള തുക വാങ്ങിയതായി പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിനു ശേഷം പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ചിഞ്ചുദാസ് ഇതിനിടെ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.അറസ്റ്ര് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും. സമാന രീതിയിൽ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മാറനല്ലൂർ സി.ഐ ഷിബു അറിയിച്ചു.