നരസിംഹ സ്വാമിയുടെ 148-ാം ജയന്തി നാളെ, അനാചാരങ്ങളുടെ ഇരുട്ട് അകറ്റിയ ദീപശിഖ

Thursday 14 August 2025 4:55 AM IST

ശ്രീനാരായണ ഗുരുദേവന്റെ നേർശിഷ്യരിൽ പ്രഥമഗണനീയനായി അറിയപ്പെടുന്ന നരസിംഹ സ്വാമികളുടെ 148-ാം ജയന്തിയാണ് നാളെ (ആഗസ്റ്റ് 15). എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിനു സമീപം എളിന്തിക്കരയിലായിരുന്നു സ്വാമിയുടെ പൂർവാശ്രമം. ഗ്രാമപ്രദേശമായിരുന്ന എളിന്തിക്കരയിൽ തറമേൽ വീട്ടിൽ പാപ്പിയും കാർത്യായനിയുമായിരുന്നു മാതാപിതാക്കൾ. ആത്മീയതയിൽ അധിഷ്ഠിതമായിരുന്നു നരസിംഹ സ്വാമികളുടെ ബാല്യ മനസ്. വീടിനു സമീപത്തെ മൂത്തകുന്നം ശങ്കരനാരായണ ക്ഷേത്രത്തിൽ ഒരുനാൾ ഗുരുദേവൻ എഴുന്നള്ളിയിരുന്നു. ഗുരുദേവനോടൊപ്പം നിരവധി ഭക്തജനങ്ങളും ഉണ്ടായിരുന്നു.

ക്ഷേത്രത്തിലെത്തിയ ഗുരുദേവന്റെ സന്നിധിയിൽ, ബാലകനായ നരസിംഹ സ്വാമിക്ക് ഗുരുദേവനിൽ ഭക്തി ഉദിച്ചു. അക്കാലത്ത് കുട്ടി എന്നായിരുന്നു വിളിപ്പേര്. നരസിംഹ മൂർത്തിയുടെ ഉപാസകനായി മാറിയ കുട്ടി കുറേക്കാലം ശങ്കരനാരായണ ക്ഷേത്രത്തിൽ വൈദിക ജോലി നിറവേറ്റിയിരുന്നു. കുട്ടി 'കുട്ടിശാന്തി"യായി അറിയപ്പെട്ടു. കുട്ടിശാന്തി ഗുരുദേവന്റെ ഭക്തനായിരുന്നുവല്ലോ, പിന്നാലെ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച് നരസിംഹ സ്വാമികളായി അറിയപ്പെട്ടു. ശുഭ്രവസ്ത്രധാരിയായ നരസിംഹ സ്വാമികളുടെ വസ്ത്രധാരണത്തിനും പ്രത്യേകതയുണ്ടായിരുന്നു. നീണ്ട ളോഹയാണ് പതിവായി ധരിക്കുക.

ഇക്കാലയളവിൽ ആലുവാ അദ്വൈതാശ്രമത്തോട് ചേർന്നുള്ള ഹൈസ്കൂളിൽ സ്വാമിയുടെ സേവനം ലഭ്യമായിരുന്നു. ഗുരുദേവന്റെ കൃപാകടാക്ഷം ആവോളം ലഭിച്ചിരുന്ന നരസിംഹ സ്വാമിക്ക് പലവിധ ദുരിതങ്ങളാൽ വിഷമിക്കുന്നവർക്ക് ആശ്വാസം പകർന്നു കൊടുക്കുവാനും കഴിഞ്ഞു. ഗുരുദേവന്റെ പ്രതിപുരുഷൻ എന്ന നിലയിലാണ് സ്വാമിയെ അനുയായികൾ കണ്ടിരുന്നത്. അക്കാലത്ത് നിലനിന്നിരുന്ന അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടും പോരാടുന്നതിൽ സ്വാമി കാര്യമായ പങ്കു വഹിച്ചിരുന്നു. ദുർദ്ദേവതകളെ ആരാധിക്കുന്നതിൽ നിന്ന് ജനതയെ മോചിപ്പിക്കുന്നതിനായി ഗുരുദേവന്റെ കല്പനപ്രകാരം സാത്വിക ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനും ആളുകളെ അവിടേക്ക് ആകർഷിക്കുന്നതിനും സ്വാമിക്ക് കഴിഞ്ഞു.

സ്വാമി സ്ഥാപിച്ച ദേവാലയങ്ങളിൽ ജാതി,​ മതഭേദം കൂടാതെ എല്ലാവരെയും പ്രവേശിപ്പിക്കുമായിരുന്നു. ഗുരുദേവ സന്ദേശം പ്രചരിപ്പിക്കുന്നതിൽ ഈ കേന്ദ്രങ്ങൾ വലിയ സംഭാവനകൾ ചെയ്തുപോന്നു. എറണാകുളത്ത് തൃപ്പൂണിത്തുറ ഏരൂരിൽ സ്വാമി സ്ഥാപിച്ച നരസിംഹാശ്രമം അദ്ദേഹത്തിന്റെ മുഖ്യ പ്രവർത്തന കേന്ദ്രമായി മാറി. ഗുരുദേവൻ അദ്ദേഹത്തിന്റെ സഞ്ചാരവേളകളിൽ പലപ്പോഴും നരസിംഹാശ്രമത്തിൽ വിശ്രമിച്ചിട്ടുണ്ട്. നരസിംഹ സ്വാമിയുടെ സമാധി കൊണ്ട് പുണ്യമാർന്നതാണ് ഇന്ന് ഏരൂർ നരസിംഹാശ്രമം. 1957 നവംബർ 20-ന് ആയിരുന്നു സ്വാമിയുടെ സമാധി.

നരസിംഹ സ്വാമിയുടെ 148-ാമത് ജയന്തി വിപുലമായ പരിപാടികളോടെ ആശ്രമത്തിൽ ആഘോഷിക്കുകയാണ്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ രാവിലെ പത്തരയ്ക്കു ചേരുന്ന ജയന്തി സമ്മേളനം എ.വി.എ ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ഡോ. എ. വി. അനൂപ് ഉദ്ഘാടനം ചെയ്യും. കെ. ബാബു എം. എൽ.എ മുഖ്യാതിഥിയായിരിക്കും. ജ്യോതിസ് മോഹൻ മുഖ്യപ്രഭാഷണം നടത്തും. നരസിംഹ സ്വാമി വിദ്യാഭ്യാസ പുരസ്കാര വിതരണവും നടക്കും. ഉച്ച കഴിഞ്ഞ് നടക്കുന്ന ഗുരു വിജ്ഞാനീയം,​ സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്യും. സ്വാമി ശിവസ്വരൂപാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി സുരേശ്വരാനന്ദ മുഖ്യപ്രഭാഷണം നടത്തും.

(ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷററും,​ നരസിംഹാശ്രമം സെക്രട്ടറിയുമാണ് ലേഖകൻ)