പവറായി 'കൂലി' , സൂപ്പർ സ്റ്റാർ സിനിമയുടെ ആദ്യ റിവ്യുയുമായി ഉദയനിധി സ്റ്റാലിൻ

Wednesday 13 August 2025 9:29 PM IST

ചെന്നൈ: ഇന്ത്യൻ സിനിമ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 'കൂലി' സിനിമയുടെ ആദ്യ റിവ്യു പുറത്ത് വിട്ട് ഉദയനിധി സ്റ്റാലിൻ. സിനിമയുടെ റിലീസ് നാളെയാണെങ്കിലും ഒരു ദിവസം മുന്നെ സിനിമ കണ്ടാണ് ഉദയനിധി സോഷ്യൽ മീഡിയയിലൂടെ റിവ്യു പുറത്തു വിട്ടിരിക്കുന്നത്. രജനികാന്ത് സിനിമ മേഖലയിൽ 50 വർഷം പൂർത്തിയാക്കുന്ന ദിവസം കൂടിയാണിന്ന്. ലോകേഷ് കനകരാജാണ് സിനിമയുടെ സംവിധായകൻ.

"നമ്മുടെ സൂപ്പർസ്റ്റാർ രജനികാന്ത് സാറിനെ സിനിമാ മേഖലയിൽ 50 വർഷം പൂർത്തിയാക്കിയതിന് അഭിനന്ദിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. നാളെ റിലീസ് ചെയ്യുന്ന അദ്ദേഹത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂലി എന്ന ചിത്രം നേരത്തെ കാണാൻ അവസരം ലഭിച്ചു. ഈ പവർഫുൾ മാസ് എന്റർടെയ്‌നർ ഞാൻ വളരെയധികം ആസ്വദിച്ചു, രാജ്യമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഗംഭീര വിജയത്തിന് എന്റെ ഹൃദയംഗമമായ ആശംസകൾ'' എന്നാണ് ഉദയനിധി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

തമിഴ് പ്രേക്ഷകർക്കു പുറമെ മുഴുവൻ സിനിമ ആസ്വാദകരും ഇരു കൈയും നീട്ടിയാണ് ലോകേഷിന്റെ സിനിമകളെ സ്വീകരക്കാറുള്ളത്. രജനികാന്ത് പ്രധാന വേഷത്തിലെത്തുന്നു എന്നത് കൂലിയുടെ പ്രത്യേകത കൂട്ടുകയും ചെയ്യുന്നുണ്ട്. ലോകേഷിന്റെ കഴിഞ്ഞ ചിത്രമായ ലിയോയും തരംഗമായിരുന്നു. ഇളയ ദളപതി വിജയ് ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നത്.