ആറളം ,കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ കൂണുകളുടെ കുടമാറ്റം സർവേയിൽ കണ്ടെത്തിയത് അപൂർവ ഇനങ്ങളുടെ വൈവിദ്ധ്യമാർന്ന ശേഖരം

Wednesday 13 August 2025 9:30 PM IST

ഇരിട്ടി : സസ്യജന്തുജാലങ്ങളുടെ വൈവിദ്ധ്യം കൊണ്ട് സമ്പന്നമായ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ പലതരം കൂണുകളുടെ വമ്പൻ ആവാസകേന്ദ്രം കൂടിയായെന്ന് സർവേ റിപ്പോർട്ട് .ഈ മാസം എട്ടുമുതൽ പത്തുവരെ വനം വകുപ്പ് ആറളം വൈൽഡ്‌ലൈഫ് ഡിവിഷനും മഷ്റുംസ് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റിയും കൂടിച്ചേർന്ന് ഇരു വന്യജീവി സങ്കേതങ്ങളിൽ നടത്തിയ സർവേയിലാണ് കൂണുകളുടെ വമ്പൻ വൈവിദ്ധ്യം കണ്ടെത്തിയത് .

ആറളം വന്യജീവിസങ്കേതത്തിൽ വരുന്ന പരിപ്പുതോട്, വളയംചാൽ, മീൻമുട്ടി,നരിക്കടവ് എന്നി ഭാഗങ്ങളിലും കൊട്ടിയൂർ വന്യജീവി സങ്കേതത്തിലുമായി ആറ് ക്യാമ്പുകളിലായാണ് സർവ്വെ നടത്തിയത്.ആറളം വൈൽഡ്‌ലൈഫ് ഡിവിഷനിൽ ആദ്യമായിട്ടാണ് കൂണുകളുടെ സർവേ നടത്തിയത്.

ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശന്റെ മേൽനോട്ടത്തൽ ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ ,ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി.ആർ.ഷാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സർവ്വെയിൽ കൂൺ ഗവേഷകരായ ഡോ.ജീനു മുരളീധരൻ എം.ടി.ഹരികൃഷ്ണൻ വ്യോം ഭട്ട്, ഡോ.സി.പി.ആര്യ ,ഡോ.ശീതൾ ചൗധരി,ഡോ. ഏല്യാസ് റാവുത്തർ എന്നിവർ ഉൾപ്പെടെയുള്ള 23 പേരും ആറളം റെയ്ഞ്ചിലെ ഫീൽഡ് ജീവനക്കാരും പങ്കെടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മഷ്റുംസ് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റിയിൽ ഉള്ളത്.

കണ്ടെത്തിയത് 173 തരം കൂണുകൾ

സർവ്വെയിൽ 173 കൂൺ സ്പീഷീസുകളെ കണ്ടെത്തി. കൂടാതെ ബ്ലാക്ക് വെൽ മൈനസ് എന്ന അപൂർവ്വയിനം ഫംഗസും കണ്ടെത്തിയവയിൽ പെടുന്നു. ഭക്ഷ്യയോഗ്യമായതും ഔഷധ ഗുണമുള്ളതും ഭക്ഷ്യയോഗ്യമല്ലാത്ത കൊടുംവിഷമുള്ളതുമായവയാണ് കണ്ടെത്തിയ കൂണുകൾ. ഓരോ കൂണുകളും ആകൃതി,വലിപ്പം, ഗന്ധം, രുചി, ഘടന എന്നിവയിൽ വ്യത്യസ്ഥമാണ്. മാലിന്യങ്ങൾ വിഘടിപ്പിക്കൽ, പോഷക സൈക്ലിംഗ് തുടങ്ങി ആവാസ വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് കൂണുകൾ.

മണ്ണ്, വീണ് കിടക്കുന്ന മരങ്ങൾ, മൃഗങ്ങളുടെ വിസർജ്യങ്ങൾ, എന്നിങ്ങനെ വ്യത്യസ്ത ഇടങ്ങളിലാണ് കൂണുകൾ കൂടുതലും കാണപ്പെടുന്നത്. ചവറുകളെയും മറ്റും നശിപ്പിക്കുകയും കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, മറ്റു ധാതുക്കൾ എന്നിവയെ സസ്യങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും പ്രയോജനപ്പെടുത്തുന്നതിനായി വീണ്ടും ആവാസ വ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനും സഹായിക്കുന്നു.

സർവ്വെയിൽ കണ്ടെത്തിയവ കൂണുകൾ

ഗീസ് ട്രം, ഒഫ് യോകോർഡിസെപ്സ്, ട്രമെറ്റെസ് സാങ് ഗുനിയ, ഹൈഗ്രോ സൈബ്മിനി യാറ്റ് ,കുക്കിന, ഓറിക്കുലോരിയ ഡെലിഗേറ്റ്, ഫിലോ ബോലെറ്റസ് മണി പുലാരിസ് ഉൾപ്പെടെ 173ഇനം