പാതയോരങ്ങളിൽ കുട്ടികൾക്ക് സുരക്ഷയൊരുക്കാൻ "കൂട്ടായി കൂടെയുണ്ട്" പദ്ധതി
വെള്ളനാട്: സ്കൂളിലേക്കുള്ള വഴിയോരങ്ങളിൽ കുട്ടികൾക്ക് സുരക്ഷയൊരുക്കാൻ "കൂട്ടായി കൂടെയുണ്ട്" പദ്ധതിയുമായി വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ കൂട്ടായ്മ രംഗത്ത്. പൊതുയിടങ്ങളിലും പൊതുവഴികളിലും കുട്ടികൾക്ക് ശല്യക്കാരായവരെ നേരിടാൻ പി.ടി.എ,എസ്.എം.സി,മദർ പി.ടി.എ,സ്റ്റാഫ് കൗൺസിൽ കൂട്ടായ്മ കുട്ടികൾക്കായൊരുക്കിയ സുരക്ഷാ സംവിധാനം മാതൃകയാവുകയാണ്.
പ്രദേശത്തെ ബസ് സ്റ്റോപ്പുകൾ, കെ.എസ് ആർ.ടി.സി സ്റ്റാൻഡ്, ഇടവഴികൾ തുടങ്ങിയ ഇടങ്ങളിൽ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി ബൈക്ക് പട്രോളിംഗ് നടത്തുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം.ഇതിനായി അദ്ധ്യാപികമാർ,മദർ പി.ടി.എ എന്നിവരുൾപ്പെടെയുള്ള രക്ഷാകർത്തൃകൂട്ടായ്മ അംഗങ്ങൾ രാവിലെയും വൈകിട്ടും സ്കൂൾ വിടുന്ന സമയങ്ങളിലും പൊതുനിരത്തുകളിലുണ്ടാകും. പൊലീസ്,സ്കൂൾ ജാഗ്രതാസമിതി,സമീപത്തെ പാരലൽ കോളേജ് അധികൃതർ, വ്യാപാരി വ്യവസായികൾ,ഓട്ടോ-ടാക്സി ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സഹകരണവും ഇതിനായി ഉറപ്പുവരുത്തും.
പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനമായ ബൈക്ക് പട്രോളിംഗ് ആര്യനാട് എസ്.എച്ച്.ഒ ശ്യാംരാജ് ജെ.നായർ ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ചന്ദ്രശേഖരൻ,എസ്.എം.സി ചെയർമാൻ കെ.എസ്.ബിനു, പ്രിൻസിപ്പൽ കെ.എസ്.രാജശ്രീ,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ആർ.ജയശ്രീ,ഹെഡ്മാസ്റ്റർ എൻ.ജെ.പ്രേം ദേവാസ്,പി.ടി.എ വൈസ് പ്രസിഡന്റ് വി.സുരേഷ്,എസ്.എം.സി വൈസ് ചെയർമാൻ കെ.പദ്മകുമാർ, എം.പി.ടി.എ അംഗങ്ങളായ മനില,സുജ,ബീന,ശരണ്യ തുടങ്ങിയവർ നേതൃത്വം നൽകി.