ജീവൻ രക്ഷിച്ച തെച്ചിക്കോട്ട് രാമചന്ദ്രന്റെ അരികിൽ കൃഷ്ണപ്രഭ
അഭിനേത്രിയും നർത്തകിയും ഗായികയുമായ കൃഷ്ണപ്രഭയുടെയും അമ്മ ഷീല പി. നായരുടെയും ഒരുപാട് നാളത്തെ മോഹമായിരുന്നു കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും തലപ്പൊക്കവും തലയെടുപ്പുമുള്ള ഗജകേസരി തെച്ചിക്കോട്ട് രാമചന്ദ്രനെ ഒന്നടുത്ത് കാണണമെന്നത്. പണ്ടേ ആന പ്രേമികളാണ് അമ്മയും താനുമെന്ന് കൃഷ്ണപ്രഭ. പ്രത്യേകിച്ച് തെച്ചിക്കോട്ട് രാമചന്ദ്രന്റെ അനേകായിരം ആരാധകരിൽപ്പെട്ടവർ. തെച്ചിക്കോട്ട് രാമചന്ദ്രനെ അത്രയെളുപ്പമൊന്നും ആർക്കും പോയി കാണാനാവില്ല. എലിഫെന്റ് വെൽഫെയർ അസോസിയേഷന്റെ അനുമതി സംഘടിപ്പിച്ച് തൃശൂർ പേരമംഗലം ക്ഷേത്രത്തിൽ രാമചന്ദ്രനെ കാണാൻ പോകുമ്പോൾ കൃഷ്ണപ്രഭയുടെയും അമ്മയുടെയും മനസ്സിൽ ഒരു ഫ്ളാഷ്ബാക്ക് റീൽ ഓടി. പതിനാല് വർഷം മുൻപ് എറണാകുളത്തമ്പലത്തിൽ എഴുന്നള്ളിപ്പിന് വന്ന തെച്ചിക്കോട്ട് രാമചന്ദ്രൻ വിരണ്ടോടിയതും തിക്കിനും തിരക്കിനുമിടയിൽപ്പെട്ട് വീണതും തങ്ങൾക്ക് ഒരു പോറലുപോലും ഏല്ക്കാതെ രാമചന്ദ്രൻ മറികടന്ന് പോകുന്നത് കണ്ട് പലരും പറഞ്ഞു: ഇത് പുനർജന്മമാണ് . ജീവൻ രക്ഷിച്ച ഗജവീരനെ വർഷങ്ങൾക്ക് ശേഷം കാണാൻ പോയ ദിവസം രാമചന്ദ്രന്റെ പ്രിയപ്പെട്ട പാപ്പാൻ രാമചന്ദ്രന്റെ ജന്മദിനം കൂടിയായിരുന്നു .അങ്ങനെ ആഘോഷം ഇരട്ടിയായി.