വീട്ടിൽ ഒളിപ്പിച്ചുവെച്ചിരുന്ന കഞ്ചാവ് പിടികൂടി
ആലപ്പുഴ: യുവാവ് വീട്ടിൽ ഒളിപ്പിച്ചുവെച്ചിരുന്ന നാല് കിലോ കഞ്ചാവ് മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹദുള്ളയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാവേലിക്കര തെക്കേ മാങ്കുഴി മുറിയിൽ കരിമുട്ടത്ത് വടക്കതിൽ കിഷോറിന്റെ (26) വീട്ടിൽ സംഘം പരിശോധന നടത്തിയത്. വൻതോതിൽ കഞ്ചാവ് കൊണ്ടുവന്ന് ജില്ലയിലെ തെക്കൻ മേഖലകൾ കേന്ദ്രീകരിച്ചാണ് കിഷോർ കഞ്ചാവ് മൊത്തക്കച്ചവടം നടത്തുന്നത്. എക്സൈസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പ് പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ഇയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് നിരന്തരമായി മയക്കുമരുന്നിനെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് പ്രതിയെ കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചത്. റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വി.ബെന്നി മോൻ, ജി.ഗോപകുമാർ, പ്രിവന്റിവ് ഓഫീസർമാരായ യു.അനു, ബി.പ്രവീൺ എന്നിവർ പങ്കെടുത്തു.