മീരാൻകടവ് ടൂറിസം വില്ലേജാക്കണമെന്ന് ആവശ്യം

Thursday 14 August 2025 1:34 AM IST

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മീരാൻകടവ് പ്രദേശം ടൂറിസം വില്ലേജാക്കണമെന്ന ആവശ്യം അഞ്ചുതെങ്ങ് ജലോത്സവക്കമ്മിറ്റി ഉന്നയിച്ചിട്ട് വർഷം ആറ് കഴിഞ്ഞു. സർക്കാർ അപേക്ഷ സ്വീകരിച്ചെങ്കിലും ഇതുവരെയും നടപടി ഒന്നുമായില്ല. മീരാൻകടവ് പാലത്തിനോട് ചേർന്ന ഭാഗമാണ് ഏറെ ബുദ്ധിമുട്ട്നേരിടുന്നത്. സാമൂഹിക വിരുദ്ധതരുടെ താവളമായ ഇവിടെ ലഹരി ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗവും നടക്കുന്നുണ്ട്. ഇത്തരക്കാർ രാത്രിയായാൽ പാലത്തിലൂടെ പോകുന്ന സഞ്ചാരികലെ പിടിച്ചുനിറുത്തി ആക്രമിക്കുന്നതായും പരാതിയുണ്ട്. ജലോത്സവക്കമ്മിറ്റി സമർപ്പിച്ച ടൂറിസം പദ്ധതി നടപ്പാക്കിയാൽ ഈ ശല്യത്തിന് ഒരു പരിധിവരെ പരിഹാരമാകും.

 മാലിന്യ നിക്ഷേപവും

മീരാൻകടവ് പാലത്തിന് അടിവശത്ത് വളരെയധികം സ്ഥലം സർക്കാർ പുറമ്പോക്കായി കിടപ്പുണ്ട്. വളരെ മനോഹരവും ടൂറിസ്റ്റ് സംരംഭങ്ങൾക്ക് അനുയോജ്യവുമായ ഈ പ്രദേശത്ത് കൈയേറ്റവും വ്യാപകമാണ്. ഇപ്പോൾ ഈ സ്ഥലം അറവുശാലകളുടെ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു. മൂക്കുപൊത്തി പോലും ഇതുവഴി പോകാൻ കഴിയാത്ത അവസ്ഥ. പാലത്തിൽ നിന്ന് മാലിന്യം കായലിലേക്ക് നിക്ഷേപിക്കുന്നതും പതിവാണ്. ഇത് സമീപത്തെ ജനജീവിതത്തെയും ബാധിക്കുന്നുണ്ട്.