വിനോദിനിക്ക് കൃഷി വിനോദമല്ല,​ ജീവിതം

Thursday 14 August 2025 12:38 AM IST

# സംസ്ഥാനത്തെ മികച്ച ട്രാൻസ്ജെന്റർ കർഷക

കായംകുളം: സംസ്ഥാന കൃഷിവകുപ്പിന്റെ ഇത്തവണത്തെ ട്രാൻസ്ജെന്റർ കർഷകയ്ക്കുള്ള പുരസ്ക്കാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് വിനോദിനി. കൃഷ്ണപുരം പഞ്ചായത്ത് എട്ടാം വാർഡിൽ കൈമൂട്ടിൽ കിഴക്കതിൽ വിനോദിനിക്ക് സ്വന്തമായി ഭൂമിയില്ലെങ്കിലും കൃഷി ഇഷ്ടതൊഴിലും വരുമാനമാർഗവുമാണ്. തരിശുഭൂമി പാട്ടത്തിനെടുത്താണ് പതിറ്റാണ്ടിലേറെയായി വിനോദിനി കൃഷി നടത്തിവരുന്നത്. പ്രതികൂല കാലാവസ്ഥയും കൃഷിനാശവുമൊന്നും വിനോദിനിയുടെ കൃഷിയോടുള്ള ഇഷ്ടത്തെ അൽപ്പം പോലും ബാധിച്ചിട്ടില്ല.

പതിറ്റാണ്ടുകളായി തരിശുകിടന്ന കൃഷ്ണപുരം പഞ്ചായത്ത് എട്ടാം വാർഡിലെ ആരക്കണ്ടം പാടത്തെ അഞ്ചേക്കർ സ്ഥലത്ത് കഠിനാദ്ധ്വാനത്തിലൂടെ നെല്ലുവിളയിച്ച് പ്രതാപം വീണ്ടെടുത്തതോടെയാണ് വിനോദിനി ശ്രദ്ധേയയായത്.

കൃഷ്ണപുരം കൃഷിഭവന് കീഴിൽ ചെറിയ ചെറിയ പ്ലോട്ടുകൾ പാട്ടത്തിനെടുത്ത് എള്ള്, ചേമ്പ്, ചേന, പച്ചക്കറികൾ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. ഇത്തവണയും നെല്ലും ഇടവിളയും കൃഷിയിറക്കിയിട്ടുണ്ട്. ഒരേക്കർ സ്ഥലത്ത് എള്ള് കൃഷി ചെയ്തത് ഒന്നരക്കിന്റലോളം വിളവെടുക്കാനും വിനോദിനിക്ക് കഴിഞ്ഞു.കാലാവസ്ഥ അനുകൂലമെങ്കിൽ എള്ള് കൃഷി ലാഭകരമാണെന്നും എത്രയുണ്ടെങ്കിലും വാങ്ങാൻ ആളുണ്ടെന്നും എള്ളായും എള്ളെണ്ണയായും വിപണനം നടത്തുന്നതായും വിനോദിനി പറയുന്നു.

നൃത്തമാണ് വിനോദിനിയുടെ മറ്റൊരു തൊഴിൽ രംഗം. എന്നാൽ,​ കൃഷി നൽകുന്ന സംതൃപ്തി മറ്റൊരു തൊഴിലും നൽകില്ലെന്ന് വിനോദിനി സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ,​ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കൃഷിയുമായി മുന്നോട്ടു പോകാനാണ് വിനോദിനിയുടെ തീരുമാനം. പിതാവ് വിശ്വനാഥനും അമ്മ രമാദേവിയും പൂർണ പിന്തുണയുമായി വിനോദിനിക്കൊപ്പമുണ്ട്.